
കാസര്‍കോട്: പെരിയ ഇരട്ടക്കൊലയുടെ ഗൂഢാലോചന നടന്നത് സി പി എം ബ്രാഞ്ച് ഓഫീസിലായിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത്. പ്രതികാരം ചെയ്യാൻ സഹായിക്കണമെന്ന് പാർട്ടി നേതൃത്വത്തോട് പീതാംബരൻ ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്. ലോക്കൽ പൊലീസിൽ നിന്നും കേസ് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച ഏറ്റെടുക്കും.
ഇരട്ടക്കൊല കേസിലെ ഗൂഢാലോചന നടന്നത് ഏച്ചലടുക്കം ബ്രാഞ്ച് ഓഫീസിലായിരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ലോക്കൽ കമ്മറ്റി അംഗമായിരുന്ന പീതാംബരനും കൂട്ടുപ്രതികളും കൃത്യം നടക്കുന്ന അന്ന് വൈകുന്നേരം ഓഫീസിൽ ഒത്തുകൂടി. കൊല ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു. തന്‍റെ കൈയൊടിച്ചവനോട് പ്രതികാരം ചെയ്യാൻ കൂടെനിന്നില്ലെങ്കിൽ പാർട്ടിയിൽ നിന്ന് രാജിവെക്കുമെന്ന് പീതാംബരൻ നേരത്തെ ബ്രാഞ്ച് യോഗത്തിൽ പറഞ്ഞതായും വിവരമുണ്ട്. ആലോചിച്ച് മറുപടി പറയാമെന്നായിരുന്നു അന്ന് നേതാക്കളുടെ മറുപടി. കൊലപാതകത്തിൽ കണ്ണൂർ ക്വട്ടേഷൻ സംഘത്തിന് പങ്കുണ്ടെന്ന് കല്യോട്ടെത്തിയ കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ ആരോപിച്ചു.
ക്രൈംബ്രാംഞ്ച് അന്വേഷണ സംഘത്തിലെ അംഗമായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സിഎം പ്രതീപ് കാസര്‍ഗോടെത്തി. നിലവിലെ അന്വേഷണ സംഘവുമായി അദ്ദേഹം ചർച്ച നടത്തി. കേസ് ഡയറിയും കേസ് ഫയലുകളും പരിശോധിച്ചു. ലഭിച്ച തെളിവുകൾ സംബന്ധിച്ചും ചർച്ച നടത്തി. തിങ്കളാഴ്ചയോടെ അന്വേഷണം തുടങ്ങാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. കാസർകോട് ക്യാമ്പ് ഓഫീസും ഒരുക്കും. അടുത്തയാഴ്ച ഡിജിപിയും കാസര്‍ഗോട് എത്തുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam