കാസര്‍കോട് ഇരട്ടക്കൊല: നിലപാട് മാറ്റി സിപിഎം, ഇനി വിമര്‍ശനം വേണ്ടെന്ന് പിണറായി

By Web TeamFirst Published Feb 22, 2019, 3:28 PM IST
Highlights

ശുഹൈബ് വധങ്ങളിലെന്ന പോലെ മാധ്യമങ്ങള്‍ ഇരട്ടക്കൊലയക്ക് പിന്നാലെ പോകുന്നത് തെരഞ്ഞെടുപ്പില്‍ വലിയ ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി മാധ്യങ്ങള്‍ക്കെതിരെ തിരിഞ്ഞത്.

കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊല്ലപ്പെടുത്തിയ സംഭവത്തില്‍ നയം മാറ്റി സിപിഎം. ഇരട്ടക്കൊലയില്‍ പ്രതിപക്ഷം കടന്നാക്രമണം തുടങ്ങിയതോടെ തിരിച്ചടിക്കുകയാണ് പാര്‍ട്ടിയിപ്പോള്‍. ആദ്യഘട്ടത്തില്‍ കുറ്റമേറ്റു പറഞ്ഞെങ്കിലും ഇനി പഴി കേള്‍ക്കാനില്ലെന്നും പാര്‍ട്ടിയ്ക്കെതിരെയുള്ള പ്രചാരണങ്ങള്‍ നേരിടുമെന്നും മുഖ്യമന്ത്രി തന്നെ നേരിട്ട് വ്യക്തമാക്കി കഴിഞ്ഞു. 

ഹീനമായ കുറ്റകൃത്യമെന്ന് തള്ളിപ്പറഞ്ഞെങ്കിലും ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുന്നുണ്ടെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ചന്ദ്രശേഖരന്‍, ശുഹൈബ് വധങ്ങളിലെന്ന പോലെ മാധ്യമങ്ങള്‍ ഇരട്ടക്കൊലയക്ക് പിന്നാലെ പോകുന്നത് തെരഞ്ഞെടുപ്പില്‍ വലിയ ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി മാധ്യങ്ങള്‍ക്കെതിരെ തിരിഞ്ഞത്.

മുഖ്യമന്ത്രി മാത്രമല്ല, ആദ്യഘട്ടത്തില്‍ വലിയ ന്യായവാദങ്ങള്‍ നിരത്താതിരുന്നസിപിഎം പ്രാദേശിക നേതൃത്വവും ഇപ്പോള്‍ പരോക്ഷന്യായീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ ക്രിമിനലുകളായിരുന്നുവെന്ന മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്റെ പ്രസ്താവനയും മുഖ്യമന്ത്രിയുടെ പ്രസ്താവനയും ചേര്‍ത്ത് കാണേണ്ടതാണ്

കേസില്‍ തൃപ്തികരമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഇനി വിമര്‍ശനം വേണ്ടായെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേസ് കൂടുതല്‍ പേരിലേക്ക് നീട്ടാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള പോലിസിന്റെ നീക്കവും മുഖ്യമന്ത്രിയുടെ പ്രസ്താവനയും ചേര്‍ത്ത് വായിച്ചാല്‍ സന്ദേശം വ്യക്തമാകും. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും മുന്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണവും ചര്‍ച്ചകളുമവസാനിപ്പിക്കണം എന്നത് തന്നെയാണ് പാര്‍ട്ടിയും സര്‍ക്കാരും ലക്ഷ്യമിടുന്നത്. 

 

click me!