
കാസർകോട്: കാസർകോട് ഇരട്ടക്കൊലപാതകക്കേസിൽ ലോക്കൽ പൊലീസ് അന്വേഷണം ഏതാണ്ട് പൂർത്തിയായതായതായി ജില്ലാപൊലീസ് മേധാവി. മറ്റന്നാൾ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കും. മുഖ്യപ്രതി പീതാംബരൻ സുഹൃത്തുക്കളായ ആറുപേരെ സംഘടിപ്പിച്ച് കൊലപാതകം നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ട്.
വൈകുന്നേരത്തോടെ പ്രതികളെ പൊലീസ് കാഞ്ഞങ്ങട് മജിസ്ട്രേറ്റ് കോടതിയിലെത്തിച്ചു. അറസ്റ്റിലായ ഏഴുപേരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ടവരോട് രാഷ്ട്രീയ വൈരാഗ്യമുള്ള മുഖ്യപ്രതി പീതാംബരൻ സുഹൃത്തുക്കളായ പാർട്ടി പ്രവർത്തകരെ സംഘടിപ്പിച്ച് കൃത്യം നടത്തി എന്നാണ് റിമാൻഡ് റിപ്പോർട്ട്. മൂന്നാം പ്രതി സുരേഷാണ് കൃപേഷിന്റെ തലയ്ക്ക് വെട്ടിയത്. പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ കിട്ടാൻ തിങ്കളാഴ്ച അപേക്ഷ നൽകും.
ഇന്ന് പ്രതികളെ പെരിയയിലെ വിവിധയിടങ്ങളി കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. രണ്ടു വടിവാളുകൾ കണ്ടെടുത്തു. കൃത്യത്തിന് ശേഷം സംഘമെത്തി കുളിച്ച് വസ്ത്രംമാറിയ വെളിത്തോളിയിലും തെളിവെടുക്കാനായി കൊണ്ടുവന്നു. വസ്ത്രം കത്തിച്ചുകളഞ്ഞ വിജനമായ സ്ഥലത്തെ തോട്ടിലും പൊലീസെത്തി തെളിവെടുത്തു. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം നീതിപൂർവ്വമാകില്ലെന്ന് കോൺഗ്രസ്.
കല്യോട്ടെത്തിയ തിരുവഞ്ചൂർ ടിപി കേസ് പ്രതികൾക്ക് ഈകൊലപാതകത്തിൽ പങ്കുണ്ടെന്നാരോപിച്ചു. ഈയടുത്ത് പരോൾകിട്ടിയ ടിപി കേസ് പ്രതികൾ എവിടെയൊക്കെ പോയി എന്ന് പോലീസ് അന്വേഷിക്കണമെന്ന് ആവശ്യം. പ്രവർത്തകരെ സംരക്ഷിക്കാൻ നിയമം കൈയിലെടുക്കേണ്ടിവന്നാൽ അതിനും മടിക്കില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു. കൊല്ലപ്പെട്ട ശരത് അക്രമങ്ങൾക്ക് കോൺഗ്രസ് ഉപയോഗിക്കുന്ന കൊടുംക്രിമിനലെന്ന് സിപിഎം മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam