
ആലപ്പുഴ: കാസർകോട് ഇരട്ടക്കൊലപാതകത്തിന്‍റെ പേരിൽ ചിലർ സിപിഎമ്മിന്‍റെ ഹൃദയമെടുക്കാൻ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊല്ലപ്പെട്ടവരുടെ വീട്ടിൽ പോകാൻ സിപിഎം തീരുമാനിച്ചപ്പോൾ ചിലർ കരുതിക്കൂട്ടി പ്രവേശനം നിഷേധിച്ചു.
മന്ത്രി ഇ ചന്ദ്രശേഖരൻ അവിടെ വീട്ടിലേക്ക് പോയപ്പോൾ കോൺഗ്രസുകാർ തെറിയഭിഷേകം നടത്തി. സർക്കാരിന് വേണ്ടിയാണ് മന്ത്രി ഇ ചന്ദ്രശേഖരൻ അവിടെ പോയത്. ആർഎസ്എസ് നേതാക്കൾ അവിടെ പോയപ്പോൾ ഒരു പ്രതിഷേധവുമുണ്ടായില്ല. ഇത് തന്നെയാണ് കോൺഗ്രസ് - ആർഎസ്എസ് ഗൂഢാലോചനയുണ്ടെന്നതിന് തെളിവാകുന്നത്. - കോടിയേരി പറഞ്ഞു.
വികാരപരമായി വീട്ടുകാർ പ്രതികരിച്ചത് മനസ്സിലാക്കുന്നുവെന്നും എന്നാൽ അതുപോലെയല്ല കോൺഗ്രസുകാരെന്നും കോടിയേരി വ്യക്തമാക്കിയത്. ആർഎസ്എസ്സിന്‍റെ ഒരു നേതാവ് പോയപ്പോൾ ഒരു കോൺഗ്രസുകാരനും തെറിയഭിഷേകം നടത്തിയില്ല, എന്നാൽ സിപിഎമ്മുകാർ അവിടെ പോകാൻ ശ്രമിച്ചപ്പോൾ മാത്രം പ്രവേശനം നിഷേധിക്കപ്പെടുന്നു.
ഇതിലൂടെ വെളിവാകുന്നത് ആർഎസ്എസ്സ് - കോൺഗ്രസും തമ്മിലുള്ള അവിശുദ്ധബന്ധമാണ്. ആർഎസ്എസ്സും കോൺഗ്രസും തമ്മിൽ രഹസ്യബന്ധം രൂപപ്പെടുത്തിയെടുക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്നും കോടിയേരി ആരോപിച്ചു.
കാസർകോട് കൊല്ലപ്പെട്ടവരുടെ വീട്ടിൽ ഇന്ന് പോകാൻ കാസർകോട് ജില്ലയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പോകാൻ ശ്രമിച്ചിരുന്നു. പോകാൻ താത്പര്യമുണ്ടെന്ന് ഡിസിസി ഘടകങ്ങളെ അറിയിക്കുകയും ചെയ്കിരുന്നു. എന്നാൽ പ്രാദേശികമായി പ്രതിഷേധമുണ്ടാകുമെന്ന വിവരത്തെത്തുടർന്ന് സന്ദർശനം റദ്ദാക്കുകയായിരുന്നു.
ഹീനമായ കുറ്റകൃത്യമെന്ന് തള്ളിപ്പറഞ്ഞെങ്കിലും ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുന്നുണ്ടെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തല്‍. ചന്ദ്രശേഖരന്‍, ഷുഹൈബ് വധങ്ങളിലെന്ന പോലെ മാധ്യമങ്ങള്‍ ഇരട്ടക്കൊലയ്ക്ക് പിന്നാലെ പോകുന്നത് തെരഞ്ഞെടുപ്പില്‍ വലിയ ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞതും പ്രസ്താവന നടത്തിയതും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam