കാസർകോട് ഇരട്ടക്കൊലപാതകം; അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് യൂത്ത് കോൺഗ്രസ്

By Web TeamFirst Published Feb 21, 2019, 3:18 PM IST
Highlights

സിപിഎം അധികാരത്തിലിരിക്കെ നടന്ന ഒരു രാഷ്ട്രീയ കൊലപാതകത്തിലും ശരിയായ അന്വേഷണം നടന്നിട്ടില്ല. കേസിലെ ഉന്നത നേതാക്കളുടെ ഗൂഢാലോചനയും പങ്കും തെളിയണമെങ്കിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന് യുത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്  ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. 

തൊടുപുഴ: കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവത്തകരുടെ കൊലപാതകത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന് യൂത്ത് കോൺഗ്രസ്. സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് കാസർകോട്ടേത്. പീതാംബരന് ഒറ്റയ്ക്ക് ഈ കൃത്യം ചെയ്യാനാകില്ല. കേസ് പീതാംബരനിൽ അവസാനിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

ഈ സാഹചര്യത്തിൽ കേസിലെ ഉന്നത നേതാക്കളുടെ ഗൂഢാലോചനയും പങ്കും തെളിയണമെങ്കിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന് യുത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്  ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. സിപിഎം അധികാരത്തിലിരിക്കെ നടന്ന ഒരു രാഷ്ട്രീയ കൊലപാതകത്തിലും ശരിയായ അന്വേഷണം നടന്നിട്ടില്ല. കൊല നടത്തിയ പ്രതികൾ താമസിച്ചത് ചട്ടംചാലിലെ ഏരിയ കമ്മറ്റി ഓഫിസിലാണ്. ഏരിയാ സെക്രട്ടറി മണികണ്ഠൻ അറിയാതെ ഇത് നടക്കില്ലെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചു .

സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ് എല്ലാം നടക്കുന്നത്. ഉദുമ എം എൽ എയ്ക്കും ഏരിയാ സെക്രട്ടറിക്കും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പി പി മുസ്തഫയ്ക്കും  കൊലപാതകത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നു. സിപിഎമ്മിന് വ്യക്തമായ പങ്കുള്ള കൊലപാതകത്തിൽ നിഷ്‍പക്ഷമായ അന്വേഷണം നടക്കണമെങ്കിൽ കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.  

click me!