
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി കെ.സി വേണുഗോപാലിനെയും സെക്രട്ടറിയായി പി.സി വിഷ്ണുനാഥിനെയും നിയമിച്ചു. ഇരുവര്‍ക്കും കര്‍ണാടകത്തിന്റെ ചുമതല നല്‍കി. ദിഗ്‍വിജയ് സിങിനെ കര്‍ണാടകയുടേയും ഗോവയുടെ ചുമതലയില്‍ നിന്ന് നീക്കി.
കെ.പി.സി.സിയുടെ അധ്യക്ഷ പദത്തിലേക്ക് പരിഗണിച്ചിരുന്ന കെ.സി വേണുഗോപാലിനേയാണ് എ.ഐ.സി.സിയുടെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. ഉടന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകത്തിന്റെ ചുമതലയെന്ന വലിയ ഉത്തരവാദിത്തമാണ് വേണുഗോപാലിന് നല്‍കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയോട് അടുപ്പമുള്ള പി.സി വിഷ്ണുനാഥിനെ എ.ഐ.സി.സി സെക്രട്ടറിയാക്കിയതും ശ്രദ്ധേയമായി. കൊല്ലം ഡി.സി.സി പ്രസിഡന്‍റായി വിഷ്ണുനാഥിനെ പരിഗണിക്കാത്തതില്‍ ഉമ്മന്‍ ചാണ്ടിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. രാവിലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കെ.സി വേണുഗോപാലിനും പി.സി വിഷ്ണുനാഥിനും പുതിയ ഭാരവാഹിത്വം നല്‍കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത്.
വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് എത്തിയിട്ടും ചെറിയ കക്ഷികളെ ഒപ്പം നിര്‍ത്താന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി ദിഗ്‍വിജയ് സിങ് പരാജയപ്പെട്ടെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. മാത്രമല്ല ദിഗ്‍വിജയ് സിങിനെതിരെ സംസ്ഥാന കോണ്‍ഗ്രസിലെ നേതാക്കള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ദിഗ്‍വിജയ് സിംഗിനെ കര്‍ണാടകത്തിന്‍റേയും ഗോവയുടേയും ചുമതലയില്‍ നിന്ന് നീക്കിയത്. എ ചെല്ലകുമാറിനാണ് ഗോവയുടെ ചുമതല. അമിത് ദേശ്‍മുഖാണ് സെക്രട്ടറി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെ കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിലായിരിക്കും നടക്കുക. കെ.സി വേണുഗോപാല്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായതോടെ മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.ഡി സതീശന്‍, കെ.വി തോമസ്,ബെന്നി ബഹനാന്‍ എന്നിവരിലേക്ക് കെ.പി.സി.സി അധ്യക്ഷന്റെ സാധ്യത പട്ടിക ചുരുങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam