
തിരുവനന്തപുരം: വനിതാ മതിൽ വർഗ്ഗീയ മതിലാണെന്ന എംകെ മുനീറിൻറെ പരാമർശത്തെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോരും കയ്യാങ്കളിയും. അസാധാരണ പ്രതിഷേധങ്ങൾക്കിടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. മതിലിൽ അണിചേരാത്തവരുടെ സ്ഥാനം ചരിത്രത്തിൻറെ ചവറ്റുകൊട്ടയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അടിമുടി പ്രതിഷേധത്തിൽ മുങ്ങിയ പതിനാലാം സഭയുടെ പതിമുന്നാം സമ്മേളനത്തിൻറെ ക്ലൈമാക്സിൽ കയ്യാങ്കളി. ഭരണപക്ഷ എംഎൽഎ വി ജോയിയും പ്രതിപക്ഷ എംഎൽഎ ഐസി ബാലകൃഷ്ണനും തമ്മിലായിരുന്നു ആദ്യം ഉന്തും തള്ള് പിന്നീട് പികെ ബഷീറും ജോയിയും തമ്മിലായി കയ്യാങ്കളി. സഹായത്തിന് ഇരുപക്ഷത്തുനിന്നും കൂടുതൽപേർ എത്തിയതോടെ ആകെ ബഹളമായി. ഒടുവിൽ മുതിർന്ന അംഗങ്ങൾ ഇടപെട്ടാണ് ഇരുപക്ഷത്തെയും അനുനയിപ്പിച്ചത്.
അടിയന്തിരപ്രമേയ നോട്ടീസ് നൽകിയ എംകെ മുനീറിന്റെ പരാമാർശമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടുത്തളത്തിലേക്ക് നീങ്ങി ഭരണപക്ഷം, പറ്റില്ലെന്നുറച്ച് മുനീർ, അരമണിക്കൂർ നിർത്തിവെച്ച സഭ വീണ്ടും തുടങ്ങിയപ്പോഴും മുനീറിനും ഭരണപക്ഷത്തിനും വിട്ടുവീഴ്ചയുണ്ടായില്ല.
മുനീറിനറെ പ്രസംഗം തീരും മുമ്പെ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് സഭ വിട്ടു. പുറത്തേക്ക് നീങ്ങുന്നതിനിടെയാണ് ഭരണപക്ഷ അംഗങ്ങൾ പ്രകോപനവുമായെത്തിയതും ഇരുവിഭാഗവും തമ്മിൽ കയ്യാങ്കളി തുടങ്ങിയതും. നേരത്തെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകിയ മുഖ്യമന്ത്രി വനിതാ മതിൽ ശബരിമല വിധിയുടെ പശ്ചാത്തലത്തിലാണെന്ന് വ്യക്തമാക്കി.
13 ദിവസം ചേർന്ന സഭാ സമ്മേളനത്തിൽ 11 ദിവസവും നടപടികൾ പ്രതിഷേധത്തിൽ മുങ്ങി. ശബരിമലയെ ചൊല്ലിയായിരുന്നു മിക്ക ദിവസവും സഭ സ്തംഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam