പ്രളയദുരിതത്തിനിടെ മലയാളിക്ക് ഇന്ന് തിരുവോണം

By Web TeamFirst Published Aug 25, 2018, 6:14 AM IST
Highlights

പൂവിളിയും പൂക്കളവുമില്ലാതെ മലയാളിക്ക് ഇന്ന് തിരുവോണം. പ്രളയം സമ്മാനിച്ച കെടുതികൾക്കിടയിൽ ദുരിതാശ്വാസ ക്യാംപുകളിലാണ് ഏറിയപേരുടെയും ഓണം. എല്ലായിടത്തും പേരിനു മാത്രമാണ് ഓണാഘോഷം. ഓരോ മലയാളിയും മാവേലിയായി മാറുന്നതാണ് ഈ പ്രളയകാലത്തെ നന്മയുടെ കാഴ്ച. 

തിരുവനന്തപുരം: ദിവസങ്ങളോളം വലച്ച പ്രളയദുരിതത്തിനിടെ മലയാളിക്ക് ഇന്ന് തിരുവോണം. മഴപെയ്ത് തോർന്നെങ്കിലും മാവേലിയുടെ നാട്ടിൽ പ്രളയം വിതച്ച ദുരിതക്കാഴ്ചകൾ അവസാനിച്ചിട്ടില്ല. പൂക്കളമൊരുങ്ങേണ്ട മുറ്റങ്ങളിലൊക്കെ ചെളിയും മലിന്യവും നിറഞ്ഞു കിടക്കുന്നു. അത്തത്തിന് ഇരുണ്ടുപെയ്ത മാനം മലയാളിയുടെ തിരുവോണവും ഇരുളിലാക്കി. പ്രളയം വിഴുങ്ങിയ കേരളക്കരയിൽ പൂമണമില്ലാത്ത തിരുവോണനാളാണിത്.

ഓരോ മലയാളിയും മാവേലിയായി മാറുന്നതാണ് ഈ പ്രളയകാലത്തെ നന്മയുടെ കാഴ്ച. ദുരിതത്തിലായവർക്ക് വസ്ത്രവും ഭക്ഷണവുമടക്കം വേണ്ടെതെല്ലാമെത്തിക്കാൻ മലയാളികൾ മത്സരിച്ചു. സർക്കാരും, ക്ലബ്ബുകളുമെല്ലാം ആഘോഷങ്ങൾ വേണ്ടെന്നു വെച്ചു. ദുരിതാശ്വാസ ക്യാംപുകളിൽ എല്ലാവരും ഒന്നായിട്ടാണ് ഇത്തവണ ഓണം.

പ്രളയകാലം വിപണിയെയും കാര്യമായി ബാധിച്ചു. കാർഷിക മേഖലയ്ക്കും പ്രളയം കനത്ത തിരിച്ചടിയാണ് നൽകിയത്. മലയാള സിനിമയിലും ഓണറിലീസുകളില്ല. ഈ പ്രളയകാലത്തെ ഓർമ്മയിലേക്ക് പറഞ്ഞുവിട്ട് അടുത്ത ഓണക്കാലത്തിന്‍റെ സമൃദ്ധിക്കായി നമുക്ക് കാത്തിരിക്കാം.

click me!