കേരള കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത

By Web DeskFirst Published May 3, 2017, 3:00 PM IST
Highlights

കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഇടത് മുന്നണിയുമായി സഹകരിക്കാനുള്ള  കെ എം മാണിയുടെ തീരുമാനത്തോടെ കേരള കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത രൂപപ്പെട്ടിരിക്കുകയാണ്. ഇടത് മുന്നണിയുമായി സഹകരിക്കാനുള്ള നിര്‍ണ്ണായക തീരുമാനം കൂടിയാലോചനയില്ലാതെ കെഎം മാണി എടുത്തതില്‍ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇടത് സഹകരണവുമായി മുന്നോട്ട് പോകാനാണ് നീക്കമെങ്കില്‍  കേരള കോണ്‍ഗ്രസില്‍ മറ്റൊരു പിളര്‍പ്പ്  അനിവാര്യമാണെന്നാണ് സൂചന.

ജില്ലാ പഞ്ചായത്തില്‍ കോണ്ഗ്രസിനെ കൈവിട്ട് ഇടത് മുന്നണിയുടെ ഭാഗമാകാനുള്ള തീരുമാനം കെ എം മാണി സ്വീകരിച്ചത് പ്രമുഖ പാര്‍ട്ടി നേതാക്കളെ ഇരുട്ടില്‍ നിര്‍ത്തിയാണെന്നാണ് പ്രധാന വിമര്‍ശനം. ഇക്കാര്യത്തില്‍ ജോസഫ് വിഭാഗം നേതാക്കള്‍ക്കു മാത്രമല്ല  മാണി വിഭാഗം നേതാക്കള്‍ക്കും കടുത്ത അതൃപ്തിയുണ്ട്.രണ്ട് മുന്നണികളോടും സമദൂരമെന്ന ചരല്‍കുന്ന് ക്യാമ്പിലെ രാഷ്‌ട്രീയ പ്രമേയ തീരുമാനം പാര്‍ട്ടിയില്‍ ചര്‍ച്ച നടത്താതെ കെഎം മാണിയും ജോസ് കെ മാണിയും അട്ടിമറിച്ചുവെന്ന പൊതു വികാരമാണ് നേതാക്കള്‍ക്കുള്ളത്.

നിയമസഭ സമ്മേളനത്തിനു പോകാതെ  ബന്ധു വീട്ടിലിരുന്ന്  കെഎം മാണിയാണ് ഈ നീക്കങ്ങളെല്ലാം നേരിട്ട് നടത്തിയതെന്ന്  പാര്‍ട്ടി നേതാക്കള്‍ അടക്കം പറയുന്നുണ്ട്. കോണ്‍ഗ്രസുമായുള്ള പിണക്കം താത്കാലികം മാത്രമെന്നായിരുന്നു ചരല്‍ കുന്ന് ക്യാമ്പില്‍ കെഎം മാണി പ്രമുഖ നേതാക്കള്‍ക്ക് നല്‍കിയിരുന്ന സന്ദേശം. അധികം വൈകാതെ യുഡിഎഫില്‍ തിരച്ചെത്തുമെന്ന ഉറപ്പിലാണ് അന്ന് എംഎല്‍എമാരടക്കമുള്ളവര്‍  ചരല്‍കുന്ന് ക്യാമ്പ് തീരുമാനത്തോട് സഹകരിച്ചത്.  ഇടതുമുന്നണിയാണ് മാണിയുടെ ലക്ഷ്യമെങ്കില്‍ തങ്ങള്‍ ഒപ്പമുണ്ടാകില്ലെന്ന സൂചന  ചിലഎംഎല്‍എ മാര്‍ തന്ന  പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരിലും വലിയൊരു വിഭാഗത്തിന്  യുഡിഎഫുമായി സഹകരിച്ച് പോകുന്നതിനോടാണ് താത്പര്യം. അതിനാല്‍ തന്നെ മാണിയെ ഒറ്റപ്പെടുത്തി പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാന്‍ കോണ്‍ഗ്രസും അണിയറയില്‍ കരുനീക്കം നടത്തുന്നുണ്ട്. പരസ്യ പ്രതികരണത്തിന് കേരള കോണ്ഗരസ് നേതാക്കള്‍ തത്കാലം മടിക്കുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ വിയോജിപ്പ്  മറനീക്കി പുറത്തു വന്നേക്കും.

ഫലത്തില്‍ മറ്റൊരു പിളര്‍പ്പിന്‍റെ സൂചനയാണ് കേരള കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കുന്നത്.  ഇടത് സഹകരണത്തെ ന്യായീകരിക്കാന്‍ കേരള കോണ്ഗ്രസിലെ മറ്റ് പ്രമുഖ നേതാക്കളാരും രംഗത്തു വന്നില്ല എന്നതും പാര്‍ട്ടിയിലെ   ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നു.

click me!