
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് പിളരുമെന്നത് മാധ്യമ സൃഷ്ടിയെന്ന് പാര്‍ട്ടി വൈസ് ചെയർമാൻ ജോസ് കെ മാണി എം പി. ദുബായിൽ കേരള മഹാസഭയിൽ പങ്കെടുക്കുന്നത് കൊണ്ടാണ് സമാപന ചടങ്ങിൽ പി ജെ ജോസഫ് പങ്കെടുക്കാത്തതെന്നും ജോസ് കെ മാണി പറഞ്ഞു. പി ജെ ജോസഫാണ് കേരള യാത്രയുടെ പതാക കൈമാറിയത്. ചരൽകുന്ന് ക്യാമ്പില്‍ ഐകകണ്ഠേനയാണ് താൻ ജാഥ നയിക്കുന്നത് തീരുമാനിച്ചതെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.
ഇന്ന് തലസ്ഥാനത്ത് സമാപിക്കാനിരിക്കുന്ന കേരളാ യാത്രയില്‍ പി ജെ ജോസഫ് പങ്കെടുക്കാത്തത് പാര്‍ട്ടിക്കുള്ളിലെ ആസ്വാരസ്യങ്ങളുടെ ഭാഗമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. വൈകീട്ട് നടക്കുന്ന റാലിയോടെയാണ് ജാഥ സമാപിക്കുന്നത്. കെ എം മാണി, രമേശ് ചെന്നത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ യോഗത്തിൽ പങ്കെടുക്കും. പിജെ ജോസഫ് വിഭാഗത്തിലെ മറ്റു നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.
എം പി നയിക്കുന്ന കേരള യാത്രയ്ക്ക് പാര്‍ട്ടിയുടെ തട്ടകമായ ഇടുക്കി ജില്ലയിൽ കിട്ടിയത് തണുപ്പൻ സ്വീകരണമായിരുന്നു. പിജെ ജോസഫിന്‍റെ തട്ടകമായ തൊടുപുഴയില്‍ യാത്രയ്ക്ക് കിട്ടിയ സ്വീകരണം പാർട്ടിയിലെ ഗ്രൂപ്പ് ഭിന്നതകൾ ഭാഗികമായി പ്രകടമാക്കുന്നതായിരുന്നു. ജനപങ്കാളിത്തം കുറഞ്ഞ സ്വീകരണ പരിപാടിയിൽ പി ജെ ജോസഫ് എത്തിയതാവട്ടെ ഒന്നര മണിക്കൂർ വൈകിയും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam