
കൊച്ചി: മന്പറം റാഗിംഗ് കേസിലെ പ്രതികളായ വിദ്യാർത്ഥികളോട് റാഗിംഗ് വിരുദ്ധ ക്യാന്പയിൻ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഇന്ദിരാ ഗാന്ധി കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ 10 വിദ്യാർത്ഥികളോടാണ് കോടതി നിർദ്ദേശം.
ഒന്നാം വർഷ വിദ്യാർത്ഥിയെ ഷൂ ധരിച്ചു വന്നതിനെ ചൊല്ലി റാഗിംഗ് നടത്തി എന്നാണ് കേസ്. രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥികളായ പത്തു പേരാണ് കേസിലെ പ്രതികൾ. റാഗിംഗിന് ഇരയായ വിദ്യാർത്ഥിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. വിദ്യാർത്ഥികളോട് രക്ഷാകർത്താക്കളോടൊപ്പം നേരിട്ടു ഹാജരാകാൻ കഴിഞ്ഞ തവണ കേസ് പരഗണിച്ചപ്പോൾ കോടതി നിർദ്ദേശിച്ചു.
ഇതനുസരിച്ചാണ് ഇന്ന് വിദ്യാർത്ഥികൾ കോടതിയിലെത്തിയത്. കുറ്റം ചെയ്തതിൽ പശ്ചാത്തപമുണ്ടോയെന്ന് കോടതി ഇവരോട് ചോദിച്ചു. ഉണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞതിനെ തുടർന്നാണ് അടുത്തു നടക്കാനിരിക്കുന്ന പരീക്ഷക്കു ശേഷം റാഗിംഗ് വിരുദ്ധ ക്യാന്പെയിൻ നടത്താൻ നിർദ്ദശിച്ചത്.
കണ്ണൂർ ജില്ല ലീഗൽ സർവീസ് അതോറിറ്റിയുമായി സഹകരിച്ച് ക്യാന്പയിൻ നടത്തണമെന്നും കേസ് പരിഗണിച്ച ജസ്റ്റീസ് സുധീന്ദ്രകുമാർ പറഞ്ഞു. ഒരു മാസത്തേക്ക് കേസിൻറെ തുടർനടപടിൾ സ്റ്റേ ചെയ്യുകയും ചെയ്തു. വിദ്യാർത്ഥികൾക്കൊപ്പം എത്തിയ രക്ഷകർത്താക്കളോട് കുട്ടികളെ നന്നായി നോക്കണമെന്ന് കോടതി ഉപദേശിക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam