നികത്താവുന്ന ഭൂമി ക്രമപ്പെടുത്താൻ കര്‍ശന വ്യവസ്ഥയുമായി പുതിയ നിയമം

By Web DeskFirst Published Sep 24, 2016, 6:57 AM IST
Highlights

നെൽവയൽ നീര്‍ത്തട സംരക്ഷണ നിയമം വരുന്നതിന് മുൻപ് നികത്തിയ നെൽവയലുകൾ ന്യായ വിലയുടെ നാലിലൊന്ന്  നൽകിയാൽ ക്രമപ്പെടുത്തി നൽകുമെന്നായിരുന്നു യുഡിഎഫ് നിലപാട്..ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 

2008 ന് മുൻപ് നികത്തിയെടുത്തവ ക്രമപ്പെടുത്താൻ കര്‍ശന വ്യവസ്ഥകൾ. പരമാവധി നികത്താവുന്ന ഭൂമി നഗരത്തിൽ അ‍ഞ്ചും ഗ്രാമപ്രദേശങ്ങളിൽ പത്തും സെന്‍റുമാത്രം. പുതുക്കിയ ഡാറ്റാ ബാങ്കിന്‍റെ അടിസ്ഥാനത്തിൽ മാത്രമെ നിലം നികത്തലിന് നിയമസാധുതയുണ്ടാകൂ. പോരായ്മ മാത്രമുള്ള നിലവിലെ ഡാറ്റാ ബാങ്കിനെ പൂര്‍ണ്ണമായും ഒഴിവാക്കി പുതിയ ഡാറ്റാ ബാങ്കിന്‍റെ അടിസ്ഥാനത്തിലാകും ഭൂമി തരംതിരിവ്. 

അതുകൊണ്ടു തന്നെ ഭൂമി ക്രമപ്പെടുത്തി കിട്ടാൻ പുതുക്കിയ ഡാറ്റാ ബാങ്ക് നിലവിൽ വരുന്നതുവരെ, ചുരുങ്ങിയത് ഒരുവര്‍ഷമെങ്കിലും കാക്കണം. തണ്ണീര്‍തടങ്ങളും ഭൂഗര്‍ഭ ജലസ്രോതസുകളും അടക്കം പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങൾ പ്രത്യേകം പരിഗണിക്കും. ജില്ലയിൽ എവിടെയും ഭൂമിയില്ലെന്ന് തെളിയിക്കുന്നവര്‍ക്ക് നിബന്ധനകളോടെ വീടുവയ്ക്കാൻ അനുമതി നൽകും. എന്നാൽ നികത്തിയ ഭൂമി ക്രമപ്പെടുത്തുന്നത് ഒരു സര്‍വെ നമ്പറിൽ ഒന്നുമാത്രമെന്നതടക്കം നിബന്ധനകളുമുണ്ടാകും.  

നിലം നികത്തൽ നടപടികൾ റവന്യു ഉദ്യോഗസ്ഥരുടെ പരിധിയിൽ മാത്രം ഒതുങ്ങുന്ന പതിവിനും മാറ്റം വരികയാണ് . സ്റ്റോപ് മെമ്മോ അടക്കം നടപടികള്‍ക്ക് കൃഷി ഓഫീസര്‍മാര്‍ക്കും അധികാരം നൽകുന്നതാണ് ഭേദഗതി. വകുപ്പുതല ചര്‍ച്ചകൾക്കു ശേഷം പഴുതുകളടച്ച ഭേദഗതി ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാനാണ് തീരുമാനം 

click me!