സർക്കാരിൽ നിന്നും ധനസഹായം കിട്ടിയില്ലെന്നും കിട്ടിയത് പതിനയ്യായിരം രൂപ മാത്രമാണെന്നും സന്ധ്യയുടെ വെളിപ്പെടുത്തൽ 

ഇടുക്കി: സർക്കാരിൽ നിന്നും ധനസഹായം കിട്ടിയില്ലെന്നും കിട്ടിയത് പതിനയ്യായിരം രൂപ മാത്രമാണെന്നും അടിമാലി കൂമ്പൻപാറയിലെ മണ്ണിടിച്ചിലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സന്ധ്യ ബിജു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സന്ധ്യയുടെ പ്രതികരണം. മമ്മൂട്ടിയുടെ കാരുണ്യം കൊണ്ടാണ് ചികിത്സ ചെയ്യാൻ കഴിഞ്ഞതെന്നും മമ്മൂട്ടി ഇല്ലായിരുന്നുവെങ്കിൽ ജീവൻ നഷ്ടപ്പെട്ടേനെയെന്നും സന്ധ്യ പറഞ്ഞു. മകൾക്ക് കളക്ടർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയും കിട്ടിയില്ല. വീട് പോയതിന്‍റെ നഷ്ട പരിഹാരവും ഇല്ല. ധനസഹായം കിട്ടിയില്ലെങ്കിൽ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയാണെന്നും സന്ധ്യ പറഞ്ഞു. ദേശീയ പാത വിഭാഗം മൂന്ന് ലക്ഷം രൂപ ആശുപത്രിയിൽ അടച്ചു. എന്നാൽ പിന്നീടിതു വരെ ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് സന്ധ്യ പറയുന്നത്. 

അടിമാലി കൂമ്പൻപാറയിൽ ലക്ഷംവീട് ഉന്നതിയിലെ വീടുകൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഏതാണ്ട് പന്ത്രണ്ട് വീടുകൾക്ക് മേൽ മണ്ണിടിഞ്ഞുവീണിരുന്നു. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള ആറോളം വീടുകളിലേക്കും പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞ് വീണ് രണ്ടു വീടുകൾ തകർന്നിരുന്നു. ശക്തമായ മഴമുന്നറിയിപ്പിനെ തുട‍ർന്ന് പ്രദേശത്ത് നിന്നും 25 ഓളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. അതില്‍ ബിജുവും ഭാര്യയും ഉണ്ടായിരുന്നു. എന്നാൽ പ്രധാനപ്പെട്ട രേഖകൾ എടുക്കുന്നതിന് വേണ്ടി ഇരുവരും വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അപകടം നടന്നത്. ഇരുവരെയും പുറത്തെടുത്തെങ്കിലും ബിജുവിനെ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.