സര്‍ക്കാറിന് മുന്നില്‍ മാനേജ്മെന്‍റുകള്‍ വഴങ്ങി; എന്‍ജിനിയറിംഗ് പ്രവേശനം കരാറായി

By Web DeskFirst Published Jun 28, 2016, 1:17 PM IST
Highlights

തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനിയറിംഗ് പ്രവേശനം സംബന്ധിച്ച് സര്‍ക്കാരും സ്വാശ്രയ എന്‍ജിനിയറിംഗ് മാനേജ്‌മെന്‍റ് അസോസിയേഷനും തമ്മില്‍ കരാറായി. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ പത്തില്‍ താഴെ മാര്‍ക്ക് കിട്ടിയവര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാട് മാനേജ്‌മെന്‍റുകള്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച കരാറില്‍ മാനേജ്‌മെന്‍റുകള്‍ ഒപ്പുവച്ചു.

മെരിറ്റ് സീറ്റിൽ പ്രവേശിക്കുന്ന എല്ലാ കുട്ടികൾക്കും ഒരേ ഫീസ് നിരക്കായിരിക്കും ഇനി. ഫീസ് 75,000ത്തിൽ നിന്ന് 50,000 രൂപയാക്കി കുറച്ചു. കരാർ ഒപ്പിട്ട 57 സ്വാശ്രയ കോളേജുകൾക്ക് ഇത് ബാധകമായിരിക്കും.

മാനേജ്‌മെന്‍റ് അസോസിയേഷന്‍ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നു ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രവേശന പരീക്ഷ മാനദണ്ഡമാക്കാതെ പ്ലസ്ടു യോഗ്യതയുള്ളവരില്‍നിന്ന് ഒഴിവ് വരുന്ന സീറ്റുകളില്‍ പ്രവേശനം നല്‍കുന്ന കാര്യം മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പിന്നീട് ആലോചിച്ച് തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതായി മാനേജ്‌മെന്‍റ് അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.

പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരെ മാത്രമേ മാനേജ്‌മെന്‍റ് സീറ്റിലും പ്രവേശിപ്പിക്കാവൂ എന്നാണു സര്‍ക്കാര്‍ നിലപാട്. ഇതിനെ മാനേജ്‌മെന്റ് അസോസിയേഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഈ വിഷയത്തിലാണ് നേരത്തെ നടന്ന സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ അലസിയത്. പ്രവേശന പരീക്ഷയില്‍ യോഗ്യത നേടാന്‍ പത്ത് മാര്‍ക്കാണു നിശ്ചയിച്ചിരിക്കുന്നത്. 

click me!