
കൊച്ചി: ആലുവയെ വെള്ളത്തില്‍ മുക്കിയ പ്രളയം കൊച്ചി നഗരത്തേയും വെള്ളത്തിനടിയിലാക്കുകയാണ്. വടുതല, ചിറ്റൂര്‍, ഇടപ്പള്ളി, പേരണ്ടൂര്‍ മേഖലകളില്‍ വെള്ളം കയറിത്തുടങ്ങി. പെരിയാറില്‍ വെള്ളം ഉയര്‍ന്നതോടയാണ് കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലേക്ക് വെള്ളം കയറിത്തുടങ്ങിയത്.
പ്രദേശത്തു നിന്ന് നിരവധി ആളുകളെ ഒഴിപ്പിക്കുകയും ക്യാമ്പുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയുടെ ഭാഗങ്ങളില്‍ വെള്ളം കയറിയതിനാല്‍ 200 ഓളം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പരമാവധി ആളുകളെ മാറ്റാന്‍ ശ്രമം തുടരുന്നുണ്ട്. ഇടപ്പള്ളി തോടും നിറഞ്ഞൊഴുകുകയാണ്. പ്രദേശത്തെ ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആലുവ, കടുങ്ങല്ലൂര്‍ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ഇന്ന് പുലര്‍ച്ചെ മുതല്‍ വീടുകളില്‍ വെള്ളം കയറി തുടങ്ങിയിരുന്നു. പ്രദേശത്തെ ദുരതാശ്വാസ ക്യാമ്പുകളില്‍ ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കുകയാണ്. പെരിയാര്‍ കരകവിഞ്ഞ് ആലുവ ജങ്ഷന്‍ പൂര്‍ണമായും വെള്ളത്തിനടിയിലായിട്ടുണ്ട്. റോഡുകള്‍ പൂര്‍ണമായും മുങ്ങിക്കിടക്കുകയാണ്. പലയിടത്തും ആളുകള്‍ കുടങ്ങിക്കിടക്കുന്നുണ്ട്.
പെരുമ്പാവൂരില്‍ നിന്ന് മൂവാറ്റുപുഴയിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലേക്ക് വെള്ളം കയറുന്നതിനാല്‍ പ്രളയം ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. അധികൃതര്‍ മാറിതാമസിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഉടന്‍ മാറാന്‍ തയ്യാറാകണമെന്നും നിര്‍ദേശമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam