
കൊച്ചി: സംസ്ഥാനത്ത് ഇന്ധന ക്ഷാമമെന്ന വ്യാപക പ്രചരണത്തെത്തുടർന്ന് ആളുകൾ വൻതോതിൽ പെട്രോളും ഡീസലും വാങ്ങിക്കൂട്ടുകയാണ്. ഇന്ധന ലഭ്യതയുടെ പേരിൽ സംസ്ഥാനത്തെ പല പമ്പുകളിലും വാക്കേറ്റം നടക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്ധനപ്രതിസന്ധിയില്ലെന്നും ആളുകള്‍ അനാവശ്യമായി പെട്രോള്‍ വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. സർക്കാർ നിർദ്ദേശം ലംഘിച്ച് ഇന്ധനം വാങ്ങിക്കൂട്ടിയാല്‍ ദുരന്ത നിവാരണ നിയമ പ്രകാരം ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും തിരുവനന്തപുരം ജില്ലാ കലക്ടർ അറിയിച്ചു.
റോഡ് ഗതാഗതം തടസപ്പെട്ടിട്ടില്ലാത്ത എല്ലാ മേഖലകളിലേക്കും എറണാകുളം ഇരുമ്പനത്തുള്ള ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ സ്റ്റോക്ക് സെന്‍ററില്‍ നിന്ന് ടാങ്കറുകൾ വിവിധ സ്ഥലങ്ങളിലേക്ക് പോയിത്തുടങ്ങി. പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ പമ്പുകളിലേക്ക് ഇന്ധനം എത്തിക്കുന്നത് ഐഒസിയുടെ ഇരുമ്പനം പ്ലാന്‍റില്‍ നിന്നാണ്. വടക്കൻ ജില്ലകളിലേക്ക് മംഗലാപുരത്തുനിന്നും സ്റ്റോക് എത്തുന്നുണ്ട്. വെള്ളം കയറിയവ ഒഴികെ എല്ലാ പമ്പുകളിലും പെട്രോളും ഡീസലും എത്തുന്നുണ്ടെന്നും ഐഒസി വ്യക്തമാക്കി. കൂടാതെ കൊച്ചിയിലെ റിഫൈനറി പൂർണമായും സുരക്ഷിതമാണെന്നും സംസ്ഥാനത്ത് ഇന്ധനപ്രതിസന്ധി ഇല്ലെന്നും ബിപിസിഎല്ലും വ്യക്തമാക്കി. റിഫൈനറിയിലെ എല്ലാ പ്രവർത്തനങ്ങളും സാധാരണഗതിയിൽ നടക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഗതാഗത തടസ്സം മൂലം ചരക്കുനീക്കത്തിൽ ചെറിയ പ്രശ്നമുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കുന്നതോടെ അത് മാറുമെന്നും പരിഭ്രാന്തരാകരുതെന്നും ബിപിസിഎൽ കേരളാ റീടെയിൽ വിഭാഗം മേധാവി വെങ്കിട്ടരാമ അയ്യർ പറഞ്ഞു.
അതേസമയം പലരും കന്നാസുകളിലും മറ്റുമായി ഇന്ധനം വാങ്ങിക്കുന്നതിനാൽ പൊലീസിന്‍റെയും ഫയർ ഫോഴ്സിന്‍റെയും മറ്റു ദുരന്തനിവാരണ പ്രവർത്തകരുടെയും വാഹനങ്ങളിൽ പെട്രോൾ നിറയ്ക്കാനുള്ള സാഹചര്യമില്ലാതാകുകയാണെന്ന് കേരളാ സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഇത് പൊതുഗതാഗതത്തെ സാരമായി ബാധിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ - സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് പമ്പ് ഉടമകൾക്ക് തിരുവനന്തപുരം ജില്ലാ കലക്ടർ നിര്‍ദേശം നൽകി. ഇത് ലംഘിക്കുന്ന പക്ഷം ദുരന്ത നിവാരണ നിയമ പ്രകാരം ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും കലക്ടർ അറിയിച്ചു.
അവശ്യ സര്‍വ്വീസുകള്‍ക്ക് ഇന്ധനക്ഷാമം രൂക്ഷമായതോടെ കര്‍ശന നടപടികളുമായി തൃശൂര്‍ കലക്ടര്‍ ടി വി അനുപമ രംഗത്തെത്തി. തൃശൂര്‍ ജില്ലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാവുന്നത് വരെ സ്വകാര്യ വ്യക്തികള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് കലക്ടര്‍ ഉത്തരവിറക്കി. കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുവാനും രക്ഷാപ്രവർത്തനങ്ങൾ നടത്താനും ഇന്ധനം ആവശ്യമാണ്. അതിനാല്‍ പൊതു / സർക്കാർ ആവശ്യങ്ങൾക്ക് ശേഷം മാത്രമെ സ്വകാര്യ വ്യക്തികൾക്ക് ഇന്ധനം നൽകാവൂ എന്നും കലക്ടര്‍ അനുപമ ഉത്തരവിറക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam