പ്രിയ പ്രധാനമന്ത്രീ, കേരള പ്രളയം ദേശീയ ദുരന്തമായി ഇനിയെങ്കിലും പ്രഖ്യാപിക്കുമോ?

By Jomit JFirst Published Aug 17, 2018, 3:59 PM IST
Highlights

കേന്ദ്രത്തിന്റെ കൂടുതല്‍ സഹായം കൊണ്ട് മാത്രമേകേരളത്തിന് ഈ പ്രളയത്തെ മറികടക്കാനാകൂ. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ഇന്ന് എത്തുമ്പോള്‍ കേരളം ഉറ്റുനോക്കുന്നത് അത്തരമൊരു നിലപാടിനാണ്. കേരളത്തിന്റെ ഈ നിലവിളികള്‍ സ്വയം കണ്ടറിഞ്ഞ് ഇന്നെങ്കിലും, താങ്കള്‍ ആ നിലപാട് പ്രഖ്യാപിക്കും എന്ന് ഈ ജനത വിശ്വസിക്കുകയാണ്. 

പ്രളയജലത്തില്‍ മുങ്ങിക്കിടക്കുകയാണ് കേരളം. എല്ലാ വ്യത്യാസങ്ങളും മറന്ന് ലോകമെങ്ങുമുള്ള മലയാളികള്‍ ഒന്നടങ്കം ഈ സാഹചര്യത്തെ അതിജീവിക്കാന്‍ കിണഞ്ഞുശ്രമിക്കുകയാണെങ്കിലും കേന്ദ്രസര്‍ക്കാറിന്റെ  ഭാഗത്തുനിന്നുള്ള കൂടുതല്‍ സഹായങ്ങള്‍ അനിവാര്യമായിരിക്കുകയാണ്. ഇന്ന് കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുമ്പാകെ എല്ലാ മലയാളികള്‍ക്കുമായി ഇക്കാര്യം ആവശ്യപ്പെടുകയാണ് ഈ തുറന്ന കത്ത്. ജോമിറ്റ് ജോസ് എഴുതുന്നു

പ്രിയപ്പെട്ട പ്രധാനമന്ത്രീ,
ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രകൃതിദുരന്തത്തിലൂടെ കടന്നുപോവുകയാണ് കേരളം. മഴക്കെടുതിയില്‍ ഓഗസ്റ്റ് എട്ടുമുതലുള്ള കണക്കനുസരിച്ച് 164 പേര്‍ മരണപ്പെട്ടു. ഇന്നത്തെ കണക്കനുസരിച്ച് 2,23,000 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. പതിനായിരക്കണക്കിന് പേര്‍ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടു. വയനാടും ഇടുക്കിയും പൂര്‍ണ്ണമായും ഒറ്റപ്പെട്ടപ്പോള്‍ ഒട്ടുമിക്ക ജില്ലകളും വെള്ളപ്പൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും വിറങ്ങലിച്ചുനില്‍ക്കയാണ്.ഈ സാഹചര്യത്തില്‍, കേരളം സന്ദര്‍ശിക്കാന്‍ ഇന്നെത്തുന്ന താങ്കളോട് എല്ലാ മലയാളികള്‍ക്കും വേണ്ടി നിര്‍ണായകമായ ഒരാവശ്യം ഉന്നയിക്കുകയാണ്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെന്നൈ നഗരം ഒറ്റപ്പെട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദപ്പെട്ട അടിയന്തിരസഹായം നല്‍കി രംഗത്തെത്തിയിരുന്നു. അന്ന്, കേരളത്തിലുള്ളവരും എല്ലാം മറന്ന് കൈയും മെയ്യും മറന്ന് തമിഴ്‌നാടിനെ സഹായിക്കാന്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, കേരളമാകെ മുക്കിക്കളയുന്ന ഈ പ്രളയകാലത്ത് അത്ര നല്ല അനുഭവമല്ല ഞങ്ങള്‍ക്കുണ്ടായിരിക്കുന്നത്. 

മഹാപ്രളയത്തില്‍ മുങ്ങിയ കേരളത്തിന് വെറും 100 കോടി മാത്രമാണ് അടിയന്തിര സഹായമായി കേന്ദ്രം ആദ്യഘട്ടത്തില്‍ അനുവദിച്ചത്. പ്രളയബാധിത പ്രദേശങ്ങളില്‍ അടിയന്തിര ഇടപെടലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനും ഉള്ള തുകയാണിത്.കൂടുതല്‍ കേന്ദ്ര സഹായം ഉറപ്പുനല്‍കുന്ന ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്നോട്ടുവലിഞ്ഞുനില്‍ക്കുകയാണ് എന്ന് പറയാതിരിക്കാന്‍ വയ്യ. നാശനഷ്ടങ്ങളുടെ 10 ശതമാനം തുക സംസ്ഥാനങ്ങള്‍ക്ക് അടിയന്തിര സഹായമായി അനുവദിക്കാമെന്ന ചട്ടം നിലനില്‍ക്കേയാണ് കേന്ദ്രം ഈ നിലപാട് പുലര്‍ത്തുന്നത്. 8316 കോടിയുടെ നഷ്ടമുണ്ടായെന്നാണ് മുഖ്യമന്ത്രി അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ പ്രാഥമിക കണക്ക്. അപ്പോള്‍ ആകെ നഷ്ടം 10,000 കോടി കവിഞ്ഞിട്ടുണ്ടാവുമെന്നുറപ്പ്.എന്നാല്‍ വെറും 100 കോടി രൂപയാണ് കേരളത്തിന് ലഭിച്ചത്. 

കേരളം ഒന്നടങ്കം ഒരുമിച്ച് ഈ കെടുതിയെ അതിജീവിക്കാന്‍ ശ്രമിക്കുകയാണെങ്കിലും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള കൂടുതല്‍ സഹായം അനിവാര്യമാണ്. ഈ അടിയന്തിര സാഹചര്യം പരിഗണിച്ച് കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുകയാണ് അതില്‍ ആദ്യത്തേത്. കേരളത്തിനുള്ള സഹായം വര്‍ദ്ധിപ്പിക്കുക എന്നും നിര്‍ണായകമാണ്. കേന്ദ്രത്തിന്റെ കൂടുതല്‍ സഹായം കൊണ്ട് മാത്രമേകേരളത്തിന് ഈ പ്രളയത്തെ മറികടക്കാനാകൂ. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ഇന്ന് എത്തുമ്പോള്‍ കേരളം ഉറ്റുനോക്കുന്നത് അത്തരമൊരു നിലപാടിനാണ്. കേരളത്തിന്റെ ഈ നിലവിളികള്‍ സ്വയം കണ്ടറിഞ്ഞ് ഇന്നെങ്കിലും, താങ്കള്‍ ആ നിലപാട് പ്രഖ്യാപിക്കും എന്ന് ഈ ജനത വിശ്വസിക്കുകയാണ്. 

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെയുണ്ടായ നാശനഷ്ടക്കണക്ക് എത്രയെന്ന് പൂര്‍ണ വ്യക്തമല്ല. സംസ്ഥാനത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് കാലമെത്രയെടുക്കും എന്നുമറിയില്ല. സംസ്ഥാന സംവിധാനങ്ങളും കേരള ജനതയും ഒറ്റക്കെട്ടായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടും പ്രശ്നങ്ങള്‍ അതിവേഗം പരിഹരിക്കാനായില്ല. അത്രയേറെ വ്യപ്‌തിയുണ്ടായിരുന്നു ഈ ദുരന്തത്തിന്. 2015ലെ ചെന്നൈ മഹാപ്രളയത്തെക്കാള്‍ വലിയ പ്രകൃതി ദുരന്തമാണിത്.

ചെന്നൈയില്‍ സാധാരണയേക്കാള്‍ 102 ശതമാനം മഴ അധികം ലഭിച്ചപ്പോളാണ് പ്രളയമുണ്ടായത്. 2015 നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ ചെന്നൈ, ആന്ധ്രാപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങളെ വലച്ച പേമാരിയില്‍ അനിശ്ചിതത്വത്തിലാവുകയായിരുന്നു ചെന്നൈ നഗരം. നവംബര്‍ മാസത്തില്‍ ചെന്നൈയില്‍ പെയ്തിറങ്ങിയത് 1,088 മില്ലിമീറ്റര്‍ മഴ. നവംബര്‍ 24ന് ഈ ന്യൂനമര്‍ദവും പേമാരിയും അവസാനിച്ചെങ്കിലും ഡിസംബര്‍ ഒന്നിന് അടുത്ത ന്യൂനമര്‍ദം ശക്തിപ്രാപിച്ചതോടെ ചെന്നൈ വെള്ളത്തിലായി. ചെന്നൈ വിമാനത്താവളം അടച്ചിടേണ്ടിവന്നു. നാല് ലക്ഷത്തിലേറെ പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലായി. 

 

സര്‍ക്കാര്‍ കണക്കനുസരിച്ച് ഒക്‌ടോബര്‍ 28നും ഡിസംബര്‍ 31നും ഇടയില്‍ 421 പേര്‍ക്കാണ് അവിടെ ജീവന്‍ നഷ്ടമായത്. ചെന്നൈ നഗരത്തില്‍ മാത്രം 500ലധികം പേര്‍ മരിച്ചതായി അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. നവംബര്‍ അവസാനം 2000 കോടി അടിയന്തിര സഹായമാവശ്യപ്പെട്ട് മുഖ്യമന്ത്രി ജയലളിത കേന്ദ്രത്തെ സമീപിച്ചു.  940 കോടി രൂപ കേന്ദ്രസര്‍ക്കാര്‍.അനുവദിച്ചു. 8,481 കോടിയുടെ നഷ്ടമാണുണ്ടായത് എന്നായിരുന്നു ഈ ഘട്ടത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

കേരളത്തില്‍ ഇതിലും ഗുരുതരമാണ് അവസ്ഥ. ചെന്നൈ പോലൊരു നഗരത്തിന്റെ മാത്രം വിഷയമല്ല അത്. ഒരു സംസ്ഥാനം മുഴുവന്‍ പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ്. 102 ശതമാനം മഴയാണ് ചെന്നൈയില്‍ അധികമായി പെയ്തത് എങ്കില്‍, കേരളത്തിലത്  257 ശതമാനത്തിലേറെ അധികമാണ്. റോഡുമാര്‍ഗമുള്ള ഗതാഗതം വയനാടുള്‍പ്പെടെയുള്ള ജില്ലകളില്‍ പൂര്‍ണമായും നിലച്ചു. റയില്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കൊച്ചി വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയതിനാല്‍ അടച്ചിടേണ്ടിവന്നു. തകരാത്ത റോഡുകളും ഉരുള്‍പൊട്ടാത്ത മലകളും അപൂര്‍വ്വം. പലയിടങ്ങളിലും ദിവസങ്ങളോളം വൈദ്യുതി-വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായി. റെയില്‍വേ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടപ്പോള്‍ കൊച്ചി വിമാനത്താവളം പൂര്‍ണമായും വെള്ളത്തിനടിയിലായി.

കുടിവെള്ളവും ഭക്ഷണങ്ങളും ലഭിക്കാതെ ആയിരക്കണക്കിനാളുകള്‍ വലയുകയാണ്. പുഴകള്‍ നിറഞ്ഞൊഴുകുകയാണ്. എല്ലാം ജലാശയങ്ങളും ഡാമുകളും തുറന്നു. ഒരു ദിവസം 32ഡാമുകള്‍ തുറന്നുവിടേണ്ടിവന്ന സാഹചര്യം ഭാവനകള്‍ക്കും അപ്പുറത്താണ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ജില്ലകളില്‍ ഇപ്പോഴും പ്രളയക്കെടുതി തുടരുകയാണ്. ആയിരക്കണക്കിന് മനുഷ്യരാണ് ചുറ്റും വെള്ളവുമായി ഒറ്റപ്പെട്ട വീടുകളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ വൃദ്ധരുണ്ട്. ഗര്‍ഭിണികളുണ്ട്. കുട്ടികളുണ്ട്. രോഗികളുണ്ട്. മരണമടഞ്ഞ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഒഴുകിപ്പോവാതിരിക്കാന്‍ ചേര്‍ത്തുപിടിച്ച് മൂന്ന് നാള്‍ രക്ഷാപ്രവര്‍ത്തകരെ കാത്തിരുന്ന രണ്ട് സംഭവങ്ങളാണ് ഇന്നലെ പുറത്തുവന്നത്. ഹെലികോപ്റ്ററുകളടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് കേന്ദ്രസേനയും സംസ്ഥാന ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എന്നിട്ടും, അവസാനിക്കാത്ത മഴപോലെ എങ്ങുമെത്താതെ കിടക്കുകയാണ് പ്രശ്‌നങ്ങള്‍.  


പറഞ്ഞത് പ്രശ്‌നങ്ങളെക്കുറിച്ചാണ്. ഇനി അറിയേണ്ടത് പ്രശ്‌നപരിഹാരത്തെക്കുറിച്ചാണ്. അതിന് എന്തെങ്കിലും ചെയ്യാനാവുക കേന്ദ്ര സര്‍ക്കാറിനാണ്. താങ്കള്‍ക്കാണ്. കൂടുതല്‍ കേന്ദ്രസഹായം കൊണ്ട് മാത്രമേ ഈ അത്യപൂര്‍വ്വ സാഹചര്യത്തെ മറികടടക്കാനാകൂ. ദേശീയദുരന്തമായി ഈ അസാധാരണ സാഹചര്യത്തെ പരിഗണിക്കുക മാത്രമാണ് അതിനുള്ള വഴി. താങ്കളുടെ ഈ സന്ദര്‍ശനം അതിനുള്ള മാര്‍ഗമാവുമെന്ന പ്രത്യാശയിലാണ് കേരളമാകെ. നിര്‍ണായകമായ ഈ സന്ദര്‍ഭത്തില്‍, അതിനുള്ള സന്‍മനസ്സ് കാണിക്കുമെന്നാണ് വിശ്വസിക്കുന്നത്. 

എല്ലാ കേരളീയര്‍ക്കും വേണ്ടി
സ്‌നേഹപൂര്‍വ്വം

 

 

click me!