തിരുവനന്തപുരം: മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം പതുക്കെ ഇറങ്ങി തുടങ്ങുകയാണ്. ഉപേക്ഷിച്ചുപോന്ന വീട്ടിലേക്ക് തിരിച്ചെത്താനുള്ള തിരക്കായിരിക്കും എല്ലാവർക്കും. വീട്ടിലേക്ക് തിരികെ കയറുമ്പോൾ നിങ്ങൾ ഇത്രയും കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം:
രാത്രിയിൽ വീട്ടിലേക്ക് ചെല്ലരുത്:
വീടിനകത്ത് പാമ്പ് മുതൽ ഗ്യാസ് ലീക്ക് വരെ ഉണ്ടാകും. രാത്രി കയറിച്ചെല്ലുന്നത് അപകടം വിളിച്ചുവരുത്തുകയാണ്. വീട്ടിലേക്കുള്ള വഴിയിലും മുറ്റത്തുമെല്ലാം കനത്തിൽ ചെളി ആയിരിക്കാനാണ് സാധ്യത.
മതിലിടിഞ്ഞ് അപകടം ഉണ്ടായേക്കാം:
മതിലിന്‍റെ നിർമ്മാണം മിക്കവാറും നല്ല ബലത്തിലായിരിക്കില്ല. ഗേറ്റ് ശക്തമായി തള്ളി തുറക്കുന്നത് മതിലിടിഞ്ഞ് അപകടം ഉണ്ടാക്കും. വീടിന്റെ ചുറ്റും മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹം കാണുകയാണെങ്കിൽ കൈകൊണ്ടു തൊടരുത്. മനുഷ്യരുടെ മൃതദേഹം ആണെങ്കിൽ പൊലീസിനെ അറിയിക്കണം. വീടിനകത്തേക്ക് കയറുന്നതിന് മുൻപേ, ചുമരുകളും മേൽക്കൂരയും ശക്തമാണോ എന്ന് ശ്രദ്ധിക്കുക. വീടിന്റെ ജനാലകൾ പുറത്തുനിന്ന് തുറക്കാൻ പറ്റുമെങ്കിൽ അവ തുറന്നിട്ട് കുറച്ചു സമയം കഴിഞ്ഞ് വേണം അകത്ത് കടക്കാൻ. വീടിനകത്തും പുറത്തും
ഇഴജന്തുക്കളെ സൂക്ഷിക്കണം:
വീട് വെള്ളത്തിലായതിനാല്‍ ഇഴജന്തുക്കളുണ്ടോയെന്നും നോക്കണം.
മെയിൻ സ്വിച്ച് ഓഫാക്കണം:
വീടിനകത്തേക്ക് കയറുന്നതിന് മുൻപ് ഇലക്ട്രിക്കൽ മെയിൻ സ്വിച്ച് ഓഫാക്കണം. വീടിനു പുറത്തു നിന്നും പൈപ്പ് വഴിയാണ് ഗ്യാസ് സപ്ലൈ എങ്കിൽ അത് ഓഫ് ചെയ്യണം. വീട്ടിൽ കയറിയ ഉടനെ ലൈറ്റർ ഉപയോഗിക്കരുത്, സിഗരറ്റോ മെഴുകുതിരിയോ കത്തിക്കുകയും ചെയ്യരുത്. എല്ലാ ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും പ്ലഗ്ഗ് സൂക്ഷിച്ച് ഊരിയിടണം.
ഭക്ഷണ സാധനങ്ങള്‍ കേടായിക്കാണും:
ഫ്രിഡ്‌ജിൽ ഇറച്ചിയോ മീനോ ഉണ്ടായിരുന്നുവെങ്കിൽ അത് കേടായിക്കാണും, അഴുകിയ മാംസത്തിൽനിന്നും മീഥേൻ ഗ്യാസ് ഉണ്ടാകാൻ വഴിയുണ്ട്. ഫ്രീസർ തുറക്കുമ്പോൾ ഈ ഗ്യാസ് ശക്തമായി ഫ്രീസറിന്റെ മൂടിയെ തള്ളിത്തെറിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്. ഫ്ലഷും വെള്ള പൈപ്പും വർക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെകിൽ അതിലൂടെ വരുന്നത് ശുദ്ധജലമാണോ കലക്ക വെള്ളമാണോ എന്ന് നോക്കണം
ഒറ്റയ്ക്ക് പോവരുത്:
ആദ്യമായി വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ കുട്ടികളെ കൊണ്ടുപോകരുത്. വീടിന്‍റെ അവസ്ഥ കാണുമ്പോള്‍ കുട്ടികൾക്കുണ്ടാകുന്ന മാനസിക ആഘാതം വലുതാകും. വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആളുകൾ ശ്രദ്ധിക്കേണ്ട ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത് യു.എന്നിന്റെ ഡിസാസ്‌റ്റർ മാനേജ്‌മെന്റ് വിദഗ്‌ദനും മലയാളിയുമായ മുരളി തുമ്മാരുകുടിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam