പ്രളയാനന്തര കണക്കെടുപ്പുകൾക്കായി മൊബൈൽ ആപ്പ് ഒരുങ്ങുന്നു

By Web TeamFirst Published Sep 3, 2018, 10:08 AM IST
Highlights

പ്രളയാനന്തര കണക്കെടുപ്പുകൾക്കും വിവരശേഖരണത്തിനുമായി മറ്റുമായി മൊബൈൽ ആപ്ലിക്കേഷൻ നിർമിക്കുന്നത് സംബന്ധിച്ച തീരുമാനം എടുത്തത് മുതൽ നിരവധി വ്യക്തികളും സ്ഥാപനങ്ങളും സർക്കാരിനെ സമീപിച്ചിരുന്നു. തുടർന്നാണ് ഉഷാഹിതി അധിഷ്ടിത ആപ്പ് നിർമ്മിക്കാൽ സർക്കാർ തീരുമാനിച്ചത്. 

കൊച്ചി: കേരളത്തിലെ മഴക്കെടുതി സംബന്ധിച്ച വിവരശേഖരണത്തിന് ഉദ്യോഗസ്ഥർക്കായി മൊബൈൽ ആപ്ലിക്കേഷൻ തയാറാവുന്നു. ഇതിനുള്ള നടപടികൾ സംസ്ഥാന ഐ.ടി മിഷൻ ആരംഭിച്ച് കഴിഞ്ഞു. മറ്റ് രാജ്യങ്ങളിൽ പരീക്ഷിച്ച് വിജയിച്ച ‘ഉഷാഹിതി’ പ്ലാറ്റ്‌ഫോമിലാണ്‌ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നത്.

പ്രളയാനന്തര കണക്കെടുപ്പുകൾക്കും വിവരശേഖരണത്തിനുമായി മറ്റുമായി മൊബൈൽ ആപ്ലിക്കേഷൻ നിർമിക്കുന്നത് സംബന്ധിച്ച തീരുമാനം എടുത്തത് മുതൽ നിരവധി വ്യക്തികളും സ്ഥാപനങ്ങളും സർക്കാരിനെ സമീപിച്ചിരുന്നു. തുടർന്നാണ് ഉഷാഹിതി അധിഷ്ടിത ആപ്പ് നിർമ്മിക്കാൽ സർക്കാർ തീരുമാനിച്ചത്. 2010ൽ ഹെയ്തി ഭൂകമ്പ കാലത്ത് വിജയകരമായി ഉപയോഗിച്ച ‘ഉഷാഹിതി’ പിന്നീട് നിരവധി പ്രകൃതിക്ഷോഭങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.

എസ്എംഎസ്, ഇ-മെയിൽ, ട്വിറ്റർ, വെബ്‌സൈറ്റ് വഴിയുള്ള വിവരശേഖരണവുമായി യോജിച്ചുപോകുന്നതാണ് ഈ പ്ലാറ്റ്‌ഫോം. ഏറ്റവും എളുപ്പത്തിൽ കൃത്യമായി സമയനഷ്ടമില്ലാതെ ആപ്പ് വഴി വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിക്കാനാകും. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ ഓഫ് ലൈനായി മൊബൈൽ ഫോണിന്റെ ലൊക്കേഷൻ ഉപയോഗിച്ചും ഉഷാഹിതി വഴി വിവരങ്ങൾ ശേഖരിക്കാനാക്കും.  കൂടാതെ ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വേറായ ഉഷാഹിതി ആർക്ക് വേണമെങ്കിലും സോഴ്‌സ് കോഡ് ഡൗൺലോഡ് ചെയ്ത് സ്വന്തമായി ആപ്പ് നിർമിക്കുകയും ചെയ്യാവുന്നതാണ്. സംസ്ഥാനത്തിനാവശ്യമായ രീതിയിൽ ആപ്പ് തയ്യാറാക്കാനുള്ള നടപടി സംസ്ഥാന ഐടി മിഷൻ ആരംഭിച്ചു. ഡിജിറ്റലായി വിവരങ്ങൾ ശേഖരിക്കാനുള്ള നിലവിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കിയാവും ആപ്പ് തയ്യാറാക്കുക.

2008ൽ കെനിയയിലെ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു സംവിധാനം നിലവിൽവന്നത്.  ഓസ്ട്രേലിയ, പലസ്തീൻ, സിറിയ, ചിലി തുടങ്ങിയ രാജ്യങ്ങളിലും ഇത് ഉപയോഗിച്ചിട്ടുണ്ട്. ചെന്നൈയിൽ ഉണ്ടാ‍യ പ്രളയത്തിൽ തെരുവുകളുടെ മാപ്പ് തയ്യാറാക്കാനും മറ്റ് വിവരങ്ങൾ ശേഖരിക്കുന്നതിനുമായി ഒരുകൂട്ടം ചെറുപ്പക്കാർ  ഉഷാഹിതി പ്ലാറ്റ്‌ഫോം ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.

click me!