
തൃശൂര്‍: പ്രളയത്തില്‍ മുങ്ങിയ ചാലക്കുടി താലൂക്ക് ആശുപത്രിയ്ക്കുണ്ടായത് 10 കോടിയിലേറെ രൂപയുടെ നഷ്ടം.ആശുപത്രിയുടെ പ്രവര്‍ത്തനം പഴയരീതിയിലാകാൻ ചുരുങ്ങിയത് 6 മാസമെങ്കിലുമെടുക്കുമെന്നാണ് വിലയിരുത്തല്‍.
ദിവസവും ആയിരത്തിലധികം പേരാണ് ഇവിടെ ചികിത്സ തേടിയിരുന്നത്.200 പേരുടെ കിടത്തിചികിത്സ വേറെയും. വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരും മികച്ച സൗകര്യങ്ങളും കൊണ്ട് പേരുകേട്ട ആശുപത്രിയുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്.
പ്രസവമുറി മുതല്‍ മോര്‍ച്ചറി വരെ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ഫാര്‍മസില്‍ മാത്രമുണ്ടായത് ഒന്നരകോടി രൂപയുടെ നഷ്ടം. കാരുണ്യഫാര്‍മസിയിലുണ്ടായിരുന്ന ഒന്നരകോടി രൂപയുടെ മരുന്നും നശിച്ചു. ഡയാലിസിസ് യൂണിറ്റ് വെള്ളത്തിലായതോടെ രോഗികള്‍ വലയുകയാണ്.
ആശുപത്രിയില്‍ അരയ്ക്കൊപ്പം പൊന്തിയ ചെളി സന്നദ്ധപ്രവര്‍ത്തകര്‍ നീക്കം ചെയ്തു. അതിരപ്പള്ളിയിലെ ആദിവാസി ഊരുകളില്‍ നിന്നുളളവരുടെ പോലും ഏക ആശ്രയമായ ആശുപത്രി അതിവേഗം പഴയനിലയില്ക്കാനൂളള ശ്രമത്തിലാണ് ജനപ്രതിനിധികളും ആരോഗ്യവകുപ്പും.
പാവപ്പെട്ടവരായ രോഗികള്‍ക്ക് ഏറെ സഹായകമായിരുന്നു ചാലക്കുടി താലൂക്ക് ആശുപത്രിയെന്ന് നാട്ടുകാര്‍ പറയുന്നു. ആശുപത്രിയിലെ സജീകരണങ്ങള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് പ്രതീക്ഷയിലാണ് രോഗികള്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam