
തിരുവനന്തപുരം: ശക്തമായ മഴയില്‍ കേരളം പ്രളയ ദുരിതം നേരിടുമ്പോള്‍ മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ വെള്ളം എടുക്കുന്നതിന് തമിഴ്നാടിന്‍റെ എഞ്ചിനീയര്‍മാര്‍ സഹകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാറില്‍ വെള്ളത്തിന്‍റെ അളവ് വര്‍ധിച്ചതിനെ തുടര്‍ന്ന് സ്പില്‍ വേയിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തോട് തമിഴ്നാട് സര്‍ക്കാര്‍ മുഖം തിരിക്കുന്നതിനിടെയാണ് ഈ വിവരം ഉന്നയിച്ച് മുഖ്യമന്ത്ര പിണറായി വിജയന്‍ എടപ്പാടിയ്ക്ക് അടിയന്തിര ഇ മെയില്‍ സന്ദേശം അയച്ചത്.
അണക്കെട്ടിന്‍റെ സുരക്ഷിതത്വം കണക്കിലെടുത്ത് വെള്ളത്തിന്‍റെ അളവ് നിയന്ത്രിക്കണം. മുല്ലപ്പെരിയാറിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്ത് പെയ്തുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 142 അടിയില്‍ എത്തി. 142 അടിയില്‍ നിന്ന് വെള്ളം പെട്ടെന്ന് തുറന്നു വിടുമ്പോള്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കും. അതിനാല്‍ വെള്ളം കൂടുതലായി തുറന്നുവിടേണ്ടതുണ്ടെന്നും എന്നാല്‍ തമിഴ്നാടിന്റെ എഞ്ചിനിയര്‍മാര്‍ സഹകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി അയച്ച കത്തില്‍ പറയുന്നു.
കേരളം ഇത്ര നിര്‍ണായകമായ ഒരു സാഹചര്യത്തെ നേരിടുമ്പോള്‍ സ്വന്തം നിലപാട് ശരിയാണെന്ന് തെളിയിക്കാനുള്ള അവസരമായി ഉപയോഗിക്കുകയായിരുന്നു തമിഴ്നാടെന്നാണ് സൂചന. മുല്ലപ്പെരിയാര്‍ ഡാം എത്ര വെള്ളം നിറഞ്ഞാലും സുരക്ഷിതമാണെന്ന് തെളിയിക്കാനായിരുന്നു തമിഴ്നാടിന്റെ ശ്രമം എന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പിണറായി വിജയന്‍ തന്നെ നേരിട്ട് എടപ്പാടിയ്ക്ക് കത്തയച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നത്. 13 സ്പിൽവേ ഷട്ടറുകളിലൂടെ സെക്കന്‍റിൽ 1000 ഘനയടി വെള്ളം ഒഴുക്കിവിടുകയായിരുന്നു. ഷട്ടറുകൾ മൂന്ന് മീറ്ററിലധികമാണ് ഉയർത്തിയത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഈ ഗുരുതരാവസ്ഥയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നത്. അണക്കെട്ടിലെ വെള്ളത്തിന്‍റെ അളവ് പരമാവധി സംഭരണശേഷിയില്‍ എത്തിയിട്ടും കൂടുതല്‍ വെള്ളം ഒഴുക്കണമെന്ന കേരളത്തിന്‍റെ ആവശ്യം തമിഴ്നാട് തള്ളി. ഇതാദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയിലെത്തുന്നത്.
അതേസമയം തമിഴ്നാടിന്‍റെ നിഷേധാത്മക നിലപാട് മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായും ഫോണിലൂടെ അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ എത്തിയിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്നും ആഭ്യന്തരമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
മുല്ലപ്പെരിയാറിലേക്ക് വന്നുചേരുന്ന വെള്ളത്തിന്‍റെ അളവ് പുറത്തുവിടുന്ന വെള്ളത്തേക്കാള്‍ അധികമാണ്. അതിനാല്‍ ജലനിരപ്പ് 139 അടിയിലേക്ക് കുറച്ചുകൊണ്ടുവരുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണെന്നും അണക്കെട്ടുകളെല്ലാം തുറന്നിരിക്കുകയാണെന്നും പല വില്ലേജുകളും ഒറ്റപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ധരിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam