
കൊച്ചി: ഒരുപാട് ജീവിതങ്ങളെ വഴിമുട്ടിച്ച സര്‍ഫാസി കുരുക്കഴിക്കാന്‍ സര്‍ക്കാര്‍. നിയമത്തിന്‍റെ പ്രത്യാഘാതത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ആദ്യ യോഗം ജനുവരി നാലിന് ചേരും. ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ എസ് ശര്‍മ്മ എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വന്‍കിടക്കാരെ മൂക്കുകയറിടാന്‍ കൊണ്ടുവന്ന സര്‍ഫാസി നിയമത്തില്‍ കുരുങ്ങിയവരേറെയും സാധാരണക്കാരാണ്. 1800 പേര്‍ ഭവന രഹിതരായപ്പോള്‍ പതിനാലായിരത്തോളം കുടംബങ്ങള്‍ ജപ്തിയുടെ വക്കിലാണ്. നിയമത്തെ വക്രീകരിച്ചും, വ്യവസ്ഥകള്‍ അട്ടിമറിച്ചും സര്‍ഫാസി ആക്ട് നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
കിട്ടാക്കടം തിരിച്ച് പിടിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ മേല്‍ മനേജ്മന്‍റുകള്‍ ചെലുത്തുന്ന സമ്മര്‍ദ്ദം മറുവശത്ത്. ശമ്പള, പെന്‍ഷന്‍ ആനുകൂല്യങ്ങളുടെ മേല്‍ കത്തിവയ്ക്കുമെന്ന ഭീഷണി എങ്ങനെയും നിയമം നടപ്പാക്കാന്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിതരാക്കുന്നു. കേന്ദ്ര നിയമത്തില്‍ ഇടപെടാനുള്ള പരിമിതികള്‍ക്കിടയിലും സര്‍ഫാസി ബാധിതരുടെ പ്രശ്നങ്ങളിലേക്ക് സര്‍ക്കാര്‍ ശ്രദ്ധ തിരിക്കുകയാണ്.
നാലിന് ചേരുന്ന ആദ്യ യോഗത്തില്‍ സമിതിയുടെ പ്രവര്‍ത്തനത്തിന് രൂപം നല്‍കും. തുടര്‍ന്ന് ജില്ലകളില്‍ സിറ്റിംഗ് നടത്തി പരാതികള്‍ കേള്‍ക്കും. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായും ചര്‍ച്ച നടത്തും. ജനദ്രോഹ നടപടികള്‍ സ്വീകരിക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെടും.
അഞ്ച് സെന്‍റ് വരെ മാത്രം ഭൂമിയുള്ളവരെ ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നല്‍കിയ കത്ത് കേന്ദ്രത്തിന് മുന്നിലുണ്ട്. സിറ്റിംങ്ങുകളില്‍ നിന്ന് കിട്ടുന്ന വിവരങ്ങളുടെ കൂടിയടിസ്ഥാനത്തില്‍ കടബാധിതരുടെ അവസ്ഥ വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കും. എസ് ശര്‍മ്മ അധ്യക്ഷനായ സമിതിയില്‍ പതിനൊന്ന് അംഗങ്ങളാണുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam