തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കോണ്‍ഗ്രസ്; കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന്

By Web TeamFirst Published Dec 30, 2018, 6:34 AM IST
Highlights

മുന്‍ വര്‍ഷങ്ങളിലേത് പോലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള സ്ഥാനാര്‍ഥി നിര്‍ണയം ഇത്തവണയും കോണ്‍ഗ്രസ് നേതൃത്വത്തിന് കീറാമുട്ടിയായി മാറുന്നുണ്ട്. അന്തരിച്ച നേതാക്കളുടെ മക്കൾക്ക് പാർട്ടി പദവിയും ലോക്സഭാ സീറ്റും നൽകുന്നതിനെതിരെ യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹികൾ നേതൃത്വത്തിന് പരാതി നൽകിയിരുന്നു

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതി ഇന്ന് യോഗം ചേരും. വൈകീട്ട് മൂന്നിനാണ് യോഗം. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാകും പ്രധാനചർച്ച. കെപിസിസി പുന:സംഘടനയും ചർച്ച ചെയ്യും.ശബരിമല പ്രശ്നവും വനിതാ മതിലിനെതിരായ പ്രചാരണങ്ങളും ചർച്ചക്ക് വരാനുള്ള സാധ്യതയുമുണ്ട്.

നേരത്തെ, പൊതു തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പുനസംഘടന നടത്താനുള്ള തീരുമാനം കഴിഞ്ഞ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ തീരുമാനമായിരുന്നു. ഇതനുസരിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചയും നടത്തി.

മുന്‍ വര്‍ഷങ്ങളിലേത് പോലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള സ്ഥാനാര്‍ഥി നിര്‍ണയം ഇത്തവണയും കോണ്‍ഗ്രസ് നേതൃത്വത്തിന് കീറാമുട്ടിയായി മാറുന്നുണ്ട്. അന്തരിച്ച നേതാക്കളുടെ മക്കൾക്ക് പാർട്ടി പദവിയും ലോക്സഭാ സീറ്റും നൽകുന്നതിനെതിരെ യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹികൾ നേതൃത്വത്തിന് പരാതി നൽകിയിരുന്നു.

സി എൻ ബാലകൃഷ്ണൻറെ മകൾക്ക് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം നൽകാനും ധാരണയുണ്ട്. രണ്ട് ശ്രമങ്ങളും മുന്നിൽ കണ്ടാണ് യൂത്ത് കോൺഗ്രസ് മുൻഭാരവാഹികൾ പരാതിയുമായി രംഗത്തെത്തിയത്.

അന്തരിച്ച നേതാക്കളോടുള്ള ആദരവ് നിലനി‍ർത്തുമ്പോഴും വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ച് പാരമ്പര്യം ഇല്ലാത്ത അവരുടെ മക്കളെ അടിച്ചേല്‍പ്പിക്കുന്നത് കനത്ത പ്രത്യാഘാതമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി ആർ എസ് അരുൺ രാജിന്‍റെ നേതൃത്വത്തിലാണ് മുല്ലപ്പള്ളിക്ക് കത്ത് നൽകിയത്.

click me!