
ഇടുക്കി: നിര്‍ത്താതെ പെയ്ത മഴയ്ക്ക് ശമനമുണ്ടായെങ്കിലും ജനങ്ങളുടെ ഭീതിയും ആശങ്കയും ഒഴിയുന്നില്ല. പ്രളയക്കെടുതിയില്‍ അകപ്പെട്ട സ്ഥലങ്ങളില്‍ വെള്ളം ഇറങ്ങുന്നതോടെ ദുരിതത്തിന്‍റെ വ്യാപ്തി വര്‍ധിക്കുകയാണ്. ഉരുള്‍പ്പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതും ആശങ്കകള്‍ക്ക് കാരണമാണ്. ഇടുക്കി ജില്ലയിലെ ഉരുൾപൊട്ടൽ ദുരിതം തുടരുകയാണ്.
പെരിയാർവാലിയിൽ ഉരുൾപൊട്ടലിൽ അകപ്പെട്ട രണ്ട് പേരെ ഇതുവരെ കണ്ടെത്താനായില്ല. മഴ തുടരുന്നതിനാൽ വീടുകളിൽ അടിഞ്ഞ മണ്ണ് നീക്കാനാകാത്തതിനെ തുടർന്ന് നിരവധി കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. പെരിയാർവാലി മലയിൽ മാത്രം 11 ഇടത്താണ് ഉരുൾപൊട്ടിയത്. അപ്പർ പെരിയാർവാലിയെ ലോവർ പെരിയാർവാലിയുമായി ബന്ധിപ്പിക്കുന്ന വഴി മലയിടിച്ചിലിൽ തകർന്നു.
ഇതേത്തുടർന്ന് ഒറ്റപ്പെട്ട ഇരുപത്തഞ്ചോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. വഴിയിൽ നിന്ന് മണ്ണ് നീക്കുന്നതിന് അനുസരിച്ച് മലയിടിയുന്നതിനാൽ തിരിച്ച് എന്ന് വീട്ടിൽ പോകാമെന്ന് അറിയാതെ ആശങ്കയിലാണിവർ.
വെള്ളമിറങ്ങിയിട്ടും കോതമംഗലത്തെ മണികണ്ഠൻചാൽ ഗ്രാമവാസികളുടെ ദുരിതം തീരുന്നില്ല. ഭൂരിപക്ഷം വീടുകളും വെള്ളം കയറി ഉപയോഗശൂന്യമായി. അപ്രതീക്ഷിതമായി ചപ്പാത്തിൽ വെള്ളമുയർന്നതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച കോതമംഗലം എംഎൽഎയും മാധ്യമ പ്രവർത്തകരും ഏറെ നേരം വനാതിർത്തിയിൽ കുടുങ്ങി.
കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ പലപ്പോഴായി 29 ദിവസമാണ് മണികണ്ഠൻചാൽ പ്രദേശം വെള്ളപ്പൊക്കം മൂലം ഒറ്റപ്പെട്ടു പോയത്. പല തവണ വീടുകളിലും വെള്ളം കയറി. കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തിൽ മുപ്പതോളം വീടുകൾ വെള്ളത്തിനടിയിലായി. മഴയുടെ ശക്തി കുറഞ്ഞതോടെ വീടുകളിൽ നിന്ന് വെള്ളമിറങ്ങിയെങ്കിലും ചെളിയും മാലിന്യങ്ങളും നിറഞ്ഞതിനാൽ താമസയോഗ്യമല്ല.
വീടുകൾ വൃത്തിയാക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്നത് ഇവരുടെ ദുരിതം ഇരട്ടിയാക്കുന്നു. ദുരിതത്തിലായവർക്ക് കുട്ടമ്പുഴ സർവീസ് സഹകരണ ബാങ്ക് മൂന്ന് ടൺ അരി നൽകി. അരി വിതരണ ചടങ്ങിൽ പങ്കെടുക്കാനും ദുരിതബാധിത പ്രദേശങ്ങൾ നേരിൽ കാണാനുമാണ് ആന്‍റണി ജോൺ എംഎല്‍എ എത്തിയത്. സന്ദർശനം കഴിഞ്ഞ് തിരികെ വന്നപ്പോൾ മലവെള്ളപ്പാച്ചിലിൽ ചപ്പാത്ത് മുങ്ങിയതിനാൽ വാഹനം കടത്താൻ കഴിയാത്ത സ്ഥിതിയായി. തുടർന്ന് വാഹനം ഉപേക്ഷിച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് എംഎൽഎയും മാധ്യമ പ്രവർത്തകരും മറുകര കടന്നത്.
കോഴിക്കോട് ജില്ലയുടെ മലയോരമേഖലയിൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും ദുരിത കാഴ്ചകൾ തീരുന്നില്ല. ആനക്കാംപൊയിലിലുണ്ടായ ഉരുൾപൊട്ടലിൽ കൂറ്റൻ പാറകളും മരങ്ങളും വന്ന് മറിപുഴപാലം മൂടിയതോടെ 15 കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് മറിപുഴ പാലത്തിന് സമീപം ഉരുൾപൊട്ടിയത്.കൂറ്റൻപാറകളും മരങ്ങളും താഴേക്ക് പതിച്ച് പാലം മൂടി.
റോഡ് തകർത്ത് വെള്ളം താഴേക്ക് ഒഴുകി.ഇതോടെയാണ് 15 കുടുംബങ്ങൾ ഒറ്റപ്പെട്ടത്. കാലിവളർത്തി ഉപജീവനം നടത്തുന്ന ഇവർക്ക് പാൽ സൊസൈറ്റിയിൽ എത്തിക്കാൻ ആവുന്നില്ല.നാട്ടുകാർ ചേർന്ന് താൽകാലികമായി കവുങ്ങ് പാലം നിർമ്മിച്ചെങ്കിലും കുട്ടികൾക്കും പ്രായമായവർക്കും ഇത് വഴി അപ്പുറമെത്താനാവില്ല. വെള്ളത്തിന്‍റെ ഒഴുക്ക് കുറഞ്ഞാൽ പാലം പുനസ്ഥാപിക്കാൻ നടപടി ആരംഭിക്കുമെന്ന് പിഡബ്ലുഡി ഉദ്യോഗസ്ഥർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam