
കോഴിക്കോട്: ഓട്ടോ ടാക്സി നിരക്ക് വർധനയുണ്ടാകുമെന്ന് ഉറപ്പിച്ച് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. നിരക്ക് വർധിപ്പിക്കാനുള്ള ശുപാർശ അടങ്ങിയ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് കിട്ടിയെന്ന് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ ജനങ്ങൾക്ക് താങ്ങാനാവുന്ന വർധനയേ ഉണ്ടാകു എന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.
ഓട്ടോ ടാക്സി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ നിരന്തര അഭ്യർത്ഥന മാനിച്ചാണ് ചാർജ്ജ് വർധനവിനെ സംബന്ധിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനോട് ആവശ്യപ്പട്ടത്. കഴിഞ്ഞ ദിവസം കമ്മീഷൻ ഇത് സംബന്ധിച്ച റിപ്പോർട്ട് ഗവണ്‍മെന്‍റ് സെക്രട്ടറിക്ക് സമർപ്പിച്ചതായി മന്ത്രി പറഞ്ഞു. ഓട്ടോ ടാക്സി രംഗത്തുള്ളവരുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രി സഭാ തലത്തിൽ ചർച്ച ചെയ്തതിന് ശേഷമാകും നിരക്ക് വർധന പ്രാബല്യത്തിൽ വരിക.
2014 ലാണ് കേരളത്തിലെ ഓട്ടോ ടാക്സി മേഖലയിൽ അവസാനമായി ചാർജ്ജ് വർധിപ്പിച്ചത്. അതിന് ശേഷം ഇന്ധന വിലയിൽ 22 മുതൽ 28 വരെ രൂപയുടെ വർധനവുണ്ടായി. ഇത് പൊതു ഗതാഗത മേഖലയെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് എത്തിച്ചെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആർടിസി, സ്വകാര്യ ബസ് നിരക്ക് കഴിഞ്ഞ മാർച്ചിൽ വർധിപ്പിച്ചപ്പോൾ ഇന്ധന വില 64 രൂപയായിരുന്നു. എന്നാൽ ഇന്നത്തെ വില എണ്‍പത് രൂപയാണ്. കെഎസ്ആർടിസിക്ക് ദിവസം 11 മുതൽ 16 കോടി വരെ അധിക ചെലവ് ഉണ്ടാകുന്നുണ്ട്. വൈകാതെ ബസ് ചർജ്ജിലും നിരക്ക് വർധനയുണ്ടാകുമെന്ന സൂചനയാണ് മന്ത്രി മുന്നോട്ട് വച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam