അർഷിദ് ഖുറേഷി, സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷൻ പിആർഒയെന്ന് പോലീസ്

By Web DeskFirst Published Jul 22, 2016, 2:34 PM IST
Highlights

തിരുവനന്തപുരം: ഐഎസ് ബന്ധം സംശയിക്കുന്ന മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അർഷിദ് ഖുറേഷി, സാക്കിർ നായികിന്റെ ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷൻ പിആർഒ ആണെന്ന് കേരള പൊലീസ്. ഖുറേഷിക്ക് ഐഎസ് ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
മുംബൈ തീവ്രവാദ വിരുദ്ധ സ്ക്വാഡും കേരള പൊലീസും സംയുക്തമായാണ് നവിമുംബൈയിലെ വീട്ടിൽവെച്ച് അർഷിദ് ഖുറൈഷിയെ അറസ്റ്റ് ചെയ്തത്.

സാക്കിര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ കൂടിയായ ഖുറേഷിയിൽനിന്ന് പല നിര്‍ണായക വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. മുംബൈയിലെ അജ്ഞാത കേന്ദ്രത്തിലാണ് ഖുറേഷിയെ ചോദ്യം ചെയ്യുന്നത്. കാണാതായ മലയാളികളുമായുള്ള ബന്ധം, സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് പൊലീസ് തേടുന്നത്.

പിടിയിലായ അര്‍ഷിദ് ഖുറേഷിക്ക് ഐ.എസുമായി നേരിട്ട് ബന്ധമുണ്ടോയെന്നും സംഘം അന്വേഷിക്കുന്നുണ്ട്. കല്യാണിലെ ഇയാളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ കാര്യമായൊന്നും കണ്ടത്തൊനായില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കേസിനെക്കുറിച്ചോ, ചോദ്യം ചെയ്യലിനെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആലുവ ഡി.വൈ.എസ്.പി റസ്തമിന്റെ നേതൃത്വലുള്ള അന്വേഷണസംഘം തയ്യാറായില്ല.

കാണാതായ മെറിന്‍റ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഖുറേഷിയുടെ അറസ്റ്റ്. മത പ്രഭാഷകൻ സാക്കിർ നായികിന് മലയാളികളുടെ തിരോധാനത്തിൽ ബന്ധമുണ്ടെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ ഏറെ നിർണായകമാണ് നായികിന്റെ പിഎ കൂടിയായ അർഷിദ് ഖുറൈഷിയുടെ അറസ്റ്റ്.

click me!