
തിരുവനന്തപുരം: അമിത പ്രകാശമുള്ള ഹെഡ് ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനവുമായി നിരത്തിലിറങ്ങിയാല്‍ നടപടി ശക്തമാക്കുമെന്ന് കേരളാ പൊലീസ്. പ്രകാശതീവ്രത കൂടിയ ഹെഡ്‍ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാല്‍ വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യുകയും ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍റ് ചെയ്യുകയും ചെയ്യും. രാത്രിയിൽ എതിര്‍ദിശയില്‍ വാഹനം വരുമ്പോൾ ലൈറ്റ് ഡിം ചെയ്യണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ചട്ടം. എന്നാല്‍ ഹെവി വാഹനം ഓടിക്കുന്നവര്‍ ചെറുവാഹനങ്ങളെ കണ്ടാല്‍ ലൈറ്റ് ഡിം ചെയ്യാന്‍ മടിക്കുന്നത് അപകടങ്ങള്‍ക്ക് വഴി വെക്കുന്നു. ആയതിനാല്‍ വാഹനങ്ങളില്‍ അമിത പ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിച്ചാല്‍ നടപടിയുണ്ടാകുമെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
അമിത പ്രകാശമുള്ള ഹെഡ് ലൈറ്റുകളുമായി നിരത്തിലോടുന്ന വാഹനങ്ങൾക്കെതിരെ നടപടി ശക്തമാക്കും. പ്രകാശതീവ്രത കൂടിയ ഹെഡ്‍ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാൽ വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്യുക മാത്രമല്ല, ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍റ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടി മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കും.
ഹെവി വാഹനം ഓടിക്കുന്നവര്‍ക്ക് ചെറു വാഹനങ്ങളെ കണ്ടാൽ ലൈറ്റ് ഡിം ചെയ്യാൻ മടിയാണെന്നാണ് ഭൂരിഭാഗം വാഹന യാത്രക്കാരുടെയും പരാതി. ഇരുചക്ര വാഹനങ്ങളടക്കം ചെറു വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കാണ് ഇതു കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. എതിര്‍ദിശയില്‍ നിന്ന് വാഹനത്തിന്‍റെ പ്രകാശം നേരെ കണ്ണിലേക്ക് അടിക്കുമ്പോൾ വാഹനമോടിക്കുന്നവർക്ക് റോഡ് കാണാനാവാതെ വരികയും ഇത് അപകടങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യുന്നു. ഏതു വാഹനമായാലും, രാത്രിയിൽ എതിര്‍ ദിശയില്‍ വാഹനം വരുമ്പോൾ ലൈറ്റ് ഡിം ചെയ്യണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ചട്ടം. ബ്രൈറ്റ് ലൈറ്റിനാൽ ഉണ്ടാകുന്ന അപകടങ്ങൾ മറ്റേതൊരു വാഹന നിയമ ലംഘനം ഉണ്ടാക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണ്. എതിരെ വരുന്ന ഡ്രൈവര്‍മാര്‍ക്ക് നിമിഷനേരത്തേക്ക് കാഴ്ച്ച നഷ്ടപ്പെടുന്നതിനാൽ കാൽ നട യാത്രക്കാരും അപകടത്തിൽപ്പെടുന്നു.
ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രീ സ്റ്റാൻഡേർഡ് പ്രകാരം ഇരട്ടഫിലമെന്‍റുള്ള ഹാലജൻ ബൾബുകളുടെ ഹൈബീം 60 ഉം ലോ ബീം 55 വാട്സും അധികരിക്കാന്‍ പാടില്ല. പ്രധാന കാർ നിര്‍മ്മാതാക്കളെല്ലാം 55-60 വാട്സ് ഹാലജന്‍ ബള്‍ബുകളാണ് ഉപയോഗിക്കുന്നത്. എച്ച് ഐ ഡി (ഹൈ ഇന്‍റന്‍സിറ്റി ഡിസ്ചാര്‍ജ് ലാമ്പ്) ലൈറ്റുകളില്‍ 35 വാട്ട്സില് അധികമാകാന്‍ പാടില്ല. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന, തീവ്രതയുള്ള എച്ച് ഐ ഡി ലൈറ്റുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. വാഹന നിര്‍മ്മാതാക്കള്‍ നല്‍കുന്ന ഹെഡ് ലൈറ്റ് ബള്‍ബ് മാറിയ ശേഷം പ്രത്യേക വയറിങ് കിറ്റോടെ കിട്ടുന്ന എച്ച് ഐഡി ലൈറ്റുകളാണ് പലരും ഘടിപ്പിക്കുന്നത്. ഓഫ് റോഡ് മേഖലകളിലും റാലികളിലും ഓടുന്ന വാഹനങ്ങള്‍ക്കായി പ്രത്യേകം തയാറാക്കിയിട്ടുള്ള ഉയര്‍ന്ന പ്രകാശതീവ്രതയുള്ള ലൈറ്റുകളാണ് ഇവ. ഇത്തരം ലൈറ്റുകള്‍ നിരത്തിലേക്ക് എത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam