'കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ചികിത്സ ഇല്ല'; പട്ടികടിയേറ്റ കുട്ടിക്ക് ചികിത്സ നിഷേധിച്ച് മാഹിയിലെ ആശുപത്രി

By Web TeamFirst Published Feb 9, 2019, 11:17 PM IST
Highlights

മകന്‍ മാഹിയിലാണ് പഠിക്കുന്നത് എന്നെല്ലാം പറഞ്ഞിട്ടും ഡോക്ടര്‍ ഒരു കനിവും കാണിച്ചില്ലെന്ന് അനില്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലെെനോട് പറഞ്ഞു. ചികിത്സ നല്‍കാനാവില്ലെന്നും അങ്ങനെയാണ് മുകളില്‍ നിന്നുള്ള നിര്‍ദേശമെന്നുമൊക്കെ ഡോക്ടര്‍ പറഞ്ഞു

കണ്ണൂര്‍: പട്ടികടിയേറ്റ വേദനയില്‍ നിലവിളിച്ച കുട്ടിക്ക് മാഹി ഗവണ്‍മെന്‍റ്  ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതി. കേരളത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇവിടെ ചികിത്സ നല്‍കാനാവില്ലെന്ന് പറഞ്ഞ മാഹി ആശുപത്രി അധികൃതര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

ന്യൂ മാഹി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ്  കെ അനിൽകുമാറിന്റെ മകൻ അവിനാഷിനാണ് മാഹി ജനറല്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചത്. ഇന്നലെ വെെകുന്നേരം ആറരയോടെയാണ് മാഹിയിലെ തന്നെ ചാലക്കര എക്സൽ സ്കൂളിലെ വിദ്യാര്‍ഥിയായ അവിനാഷിന് പട്ടികടിയേല്‍ക്കുന്നത്.

വേദന കൊണ്ട് പുളയുന്ന കുട്ടിയുമായി അടുത്ത മാഹി ജനറല്‍ ആശുപത്രിയിലേക്ക് അനില്‍ കുമാര്‍ എത്തി. അവിടെയുണ്ടായിരുന്ന നേഴ്സ് മുറിവ് കഴുകാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് താന്‍ തന്നെ മകനെ ശുചിമുറിയില്‍ കൊണ്ട് പോയി മുറിവ് വൃത്തിയാക്കി കൊണ്ടു വന്നു.

തുടര്‍ന്ന് പട്ടികടിയേറ്റവര്‍ക്ക് നല്‍കുന്ന ഇഞ്ചക്ഷന്‍ എടുക്കാന്‍ ഡോക്ടറിന്‍റെ അടുത്ത് എത്തിയപ്പോഴാണ് കാര്യങ്ങള്‍ കെെവിട്ടത്. ഡോക്ടര്‍ എത്തി വിവരങ്ങള്‍ ചോദിച്ചതോടെ പരിമഠം (കേരളത്തില്‍ ഉള്‍പ്പെട്ട പ്രദേശം) ആണ് സ്ഥലം എന്ന് ഞങ്ങള്‍ പറഞ്ഞു. ഇതോടെ ഇവിടെ ചികിത്സ ഇല്ലെന്ന് പറയുകയായിരുന്നു.

മകന്‍ മാഹിയിലാണ് പഠിക്കുന്നത് എന്നെല്ലാം പറഞ്ഞിട്ടും ഡോക്ടര്‍ ഒരു കനിവും കാണിച്ചില്ലെന്ന് അനില്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലെെനോട് പറഞ്ഞു. ചികിത്സ നല്‍കാനാവില്ലെന്നും അങ്ങനെയാണ് മുകളില്‍ നിന്നുള്ള നിര്‍ദേശമെന്നുമൊക്കെ ഡോക്ടര്‍ പറഞ്ഞു.

അന്വേഷിച്ചപ്പോള്‍ മിഥുന്‍ എന്നാണ് ഡോക്ടറുടെ പേരെന്നാണ് അറിഞ്ഞത്. ഒരുപാട് സമയം തര്‍ക്കിച്ചിട്ടും ഫലം കാണാതായതോടെ മകനുമായി 10 കിലോമീറ്റര്‍ അകലെയുള്ള തലശേരിയിലെത്തിയാണ് ചികിത്സ ലഭ്യമാക്കിയതെന്നും അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഈ വിഷയങ്ങള്‍ എല്ലാം വിശദീകരിച്ച് പ്രജിത്ത് കുമാര്‍ എന്നയാള്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം മാഹി ആശുപത്രിയിലെ ഡോക്ടറുടെ പെരുമാറ്റത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

മാഹി എന്താ ഇന്ത്യയില്‍ അല്ലേ ? എന്ന ചോദ്യം ഉയര്‍ത്തിയാണ് പ്രതിഷേധക്കുറിപ്പുകള്‍ വരുന്നത്. പ്രജിത്ത് കുമാറിന്‍റെ കുറിപ്പില്‍ അവിനാഷിന് ഉണ്ടായ ദുരനുഭവം ആദ്യ സംഭവം അല്ലെന്നാണ് വ്യക്തമാകുന്നത്. മാഹി ജനറല്‍ ആശുപത്രിയുടെ ചികിത്സ നിഷേധം അങ്ങനെ വിടില്ലെന്ന് അനില്‍കുമാര്‍ വ്യക്തമാക്കി. മേല്‍ അധികൃതര്‍ക്കടക്കം ഈ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. 

 

click me!