
പേരാവൂരിൽ വൈദികന്‍റെ ബലാത്സംഗത്തിനിരയായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച കേസിൽ ആശുപത്രി അധികൃതർ ഗുരുതര വീഴ്ച്ച വരുത്തിയെന്നതിന് തെളിവുകൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടി അവിവാഹിതയാണെന്നറിഞ്ഞിട്ടും പ്രസവിച്ച് മണിക്കൂറുകൾക്കകം കുഞ്ഞിനെ മാത്രം അജ്ഞാത സ്ഥലത്തേക്ക് മാറ്റിയത് ആശുപത്രി അധികൃതർ ആരെയും അറിയിച്ചില്ല.
അവിവാഹിതമായ പ്രസവങ്ങളിൽ ഇതൊക്കെ സാധാരണമാണ് എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് സഭയുടെ നിയന്ത്രണത്തിലുള്ള ക്രിസ്തുരാജ് ആശുപത്രി അധികൃതരുടെ വിശദീകരണം. കേസ് തേച്ചുമായ്ക്കാൻ പലഘട്ടങ്ങളിൽ വെച്ചടക്കം നടന്ന ശ്രമങ്ങൾ നടന്നുവെന്ന പൊലീസ് വെളിപ്പെടുത്തലിന്‍റെ ചുവടുപിടിച്ച് ഞങ്ങൾ നടത്തിയ അന്വേഷണത്തിനൊടുവിൽ ക്രിസ്തുരാജ് ആശുപത്രി അധികൃതർ നൽകിയ പത്രക്കുറിപ്പാണിത്.
ഫെബ്രുവരി ഏഴിന് പ്രസവം നടന്ന്, രണ്ടാം ദിവസം പെൺകുട്ടി ഡിസ്ചാർജ് ആയെന്നും, ഇതിനും ഒരു ദിവസം മുൻപ് കുഞ്ഞിനെ മാത്രം പെൺകുട്ടിയുടെ മാതാപിതാക്കൾ കൊണ്ടുപോയെന്നും വളച്ചൊടിച്ചെഴുതിയ വരികൾ. നേരിട്ട് പ്രതികരിക്കാന തയാറാകാത്തതിനാൽ ഫോണിൽ വിളിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. അതായത് പെൺകുട്ടി പ്രസവിച്ച അതേദിവസം മണിക്കൂറുകൾക്കകം, മുലപ്പാൽ പോലും നിഷേധിച്ച് കുഞ്ഞിനെ മാത്രം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
ഇതിനെയാണ് വളച്ചെഴുതിയിരിക്കുന്നത്. പെൺകുട്ടി അവിവാഹിത ആണെന്നറിഞ്ഞിട്ടും ഇക്കാര്യം ആരെയും അറിയിച്ചില്ലേ എന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി.
അതിന് അൺമാരീഡ് കേസിലൊക്കെ അങ്ങനെ ഏതെങ്കിലും സ്ഥലങ്ങളിൽ കൊണ്ടു നിർത്തുന്നതാണല്ലോ. അമ്മയെ ഒരു സ്ഥലത്ത്, കുട്ടിയെ ഒരു സ്ഥലത്ത് ഒക്കെ. ഇങ്ങനത്തെ ഇല്ലീഗൽ പ്രഗ്നൻസി വരുമ്പോൾ. പേരന്റ്സ് തന്നെ ഇത് കൈകാര്യം ചെയ്യും. മറ്റേത് നമ്മളോട് തന്നെ ചോദിക്കും. നമ്മള് ഈ ചൈൽഡ് ലൈനിന്റെ ഈ കാര്യം ചിന്തിച്ചില്ല. കുട്ടിക്ക് പ്രായപൂർത്തിയായില്ല എന്നത് നമ്മൾ ചിന്തിക്കാതെ പോയി
എല്ലാത്തിനും പുറമെ, കുഞ്ഞിന് എന്ത് സംഭവിച്ചാലുമുള്ള ഉത്തരവാദിത്തം പ്രസവിച്ച പെൺകുട്ടിയുടെ മാതാപിതാക്കൾകക് മാത്രമാണെന്ന് സ്വന്തം ഭാഗം സുരക്ഷിതമാക്കി എഴുതി വാങ്ങുകയും ചെയ്തു. പ്രസവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം ചൈൽഡലൈൻ പ്രവർത്തകരെത്തിയാണ് വിവരങ്ങൾ അന്വേഷിച്ച് സംഭവം പുറത്തുവന്നതും കുഞ്ഞിനെ കണ്ടെത്തിയതും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam