നഴ്സുമാരുടെ അനിശ്ചിതകാല സമരം: നേരിടാനൊരുങ്ങി സ്വകാര്യ ആശുപത്രികള്‍

By Web DeskFirst Published Apr 23, 2018, 7:01 PM IST
Highlights
  • നഴ്സുമാരുടെ സമരത്തെ നേരിടാനൊരുങ്ങി സ്വകാര്യ ആശുപത്രികള്‍
  • സ്വകാര്യ ആശുപത്രികളില്‍ പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തി
  • അതീവ ഗുരുതരമല്ലാത്ത രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നു

തിരുവനന്തപുരം: അനിശ്ചിത കാല പണിമുടക്ക് തുടങ്ങാനിരിക്കെ നഴ്സുമാരുടെ സമരത്തെ തുടർന്ന് സ്വകാര്യ ആശുപത്രികളില്‍ പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തി. കിടത്തി ചികിത്സയില്‍ ഉള്ള അതീവ ഗുരുതരമല്ലാത്ത രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുകയാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ്. മറ്റ് രോഗികളെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കി. ഇതിനിടെ കരട് വിജ്ഞാപനമിറക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് സർക്കാര്‍. 

പ്രധാനപ്പെട്ട 457 ആശുപത്രികളിലാണ് സമരം. ഇവിടങ്ങളിലെല്ലാമായി അരലക്ഷത്തിലധികം രോഗികള്‍ കിടത്തി ചികില്‍സയിലുണ്ട്. 4500ലധികം രോഗികള്‍ വെന്‍രിലേറ്ററിലും 7000ത്തിലധികം രോഗികള്‍ അത്യാഹിത വിഭാഗങ്ങളിലും ഉണ്ട്. ഇവരെയെല്ലാം സർക്കാര്‍ ആശുപത്രികളിലേക്ക് മാറ്റണമെന്നാണ് സ്വകാര്യ മാനേജ്മെന്‍റുകളുടെ ആവശ്യം. ഇ്കകാര്യം ആവശ്യപ്പെട്ട് സർക്കാരിന് കത്തും നല്‍കി. നഴ്സുമാരുടെ അഭാവത്തില്‍ അത്യാഹിതം ഉണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത്രയധികം രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യം സർക്കാര്‍ മേഖലയിലില്ല.

ഇതിനിടെ വിട്ടുവീഴ്ചയ്ക്കില്ലെന്ന് നഴ്സുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അവസാന നിമിഷത്തില്‍ ഒരു ചർച്ചക്കുമില്ലെന്നാണ് നിലപാട്. നിയമവകുപ്പ് സെക്രട്ടറി ഒപ്പിട്ട ശേഷം വിജ്ഞാപനം ധനവകുപ്പ് പരിശോധിക്കും. ശേഷമാകും അന്തിമ വിജ്ഞാപനമിറങ്ങുക 

click me!