കേരളത്തിന്‍റെ പുനര്‍നിര്‍മാണം; ലോക ബാങ്കുമായി ഇന്ന് ചര്‍ച്ച

By Web TeamFirst Published Aug 29, 2018, 6:16 AM IST
Highlights

കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിനായി കുറഞ്ഞ പലിശയില്‍ ദീര്‍ഘകാല വായ്പ കണ്ടെത്തുക ലക്ഷ്യം. കേന്ദ്ര ധന സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുളള സംഘവും ഇന്ന് സംസ്ഥാനത്ത്. വൈകീട്ട് ബാങ്കേഴ്സ് സമിതി യോഗവും നടക്കും.

തിരുവനന്തപുരം: പ്രളയക്കെടുതി മറികടക്കാനുളള വായ്പയ്ക്കായി സര്‍ക്കാര്‍ ഇന്ന് ലോകബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. സെക്രട്ടേറിയറ്റില്‍ രാവിലെ 9.30 മുതല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ലോകബാങ്ക് പ്രതിനിധികളുമായുളള ചര്‍ച്ച. കേന്ദ്ര ധന സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുളള സംഘവും ഇന്ന് സംസ്ഥാനത്തെത്തും. 

പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തിന്‍റെ പുനര്‍നിര്‍മാണത്തിന് 30,000കോടിയോളം രൂപ സമാഹരിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ ഗണ്യമായൊരു പങ്ക് ലോകബാങ്ക് അടക്കമുളള രാജ്യാന്തര ധനകാര്യ ഏജന്‍സികളില്‍ നിന്ന് കുറഞ്ഞ പലിശയില്‍ ദീര്‍ഘകാല വായ്പയായി കണ്ടെത്തുകയാണ് ലക്ഷ്യം. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തെ സഹായിക്കാമെന്ന് ലോകബാങ്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. 

പ്രളയക്കെടുതി വിലയിരുത്താനെത്തുന്ന കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആദിയയും വൈകീട്ട് നാല് മണിക്ക് നടക്കുന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തില്‍ ഇരുവരും പങ്കെടുക്കും. കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശാനുസരണമാണ് ബാങ്കേഴ്സ് സമിതി യോഗം ചേരുന്നത്. പ്രളയത്തില്‍ വിവിധ വകുപ്പുകള്‍ക്കുണ്ടായ നഷ്ടത്തിന്‍റെ പ്രാഥമിക കണക്ക് യോഗത്തില്‍ അവതരിപ്പിക്കും. 

click me!