
അറുപതാണ്ടിനപ്പുറത്ത് 1956 ഒക്ടോബര്‍ 15 നാണ് കേരള സാഹിത്യ അക്കാദമി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ തുടങ്ങുന്നത്. രണ്ടുവര്‍ഷത്തിനുശേഷം ആസ്ഥാനം തൃശൂരേക്ക് മാറ്റി. പഴയ കോടതി സമുച്ചയം സ്ഥിരം ആസ്ഥാനമായി. സര്‍ദാര്‍ കെഎം പണിക്കര്‍ മുതല്‍ വൈശാഖന്‍ വരെ നീളുന്ന അധ്യക്ഷന്മാരുടെ നിര. മഹാകവി ജി. ശങ്കരക്കുറുപ്പും പൊന്‍കുന്നം വര്‍ക്കിയും കേശവദേവും തകഴിയും എംടിയും എം. മുകുന്ദനും ഈ പട്ടികയിലുണ്ട്.
തൃശൂര്‍ നഗരത്തിലെ ഈ ആസ്ഥാന മന്ദിരം ഇന്ന് അക്കാദമിയുടെ മുഖം. എന്നാല്‍ രണ്ടര ഏക്കര്‍ വരുന്ന ഈ മണ്ണില്‍ വാടകക്കാരായി തുടരാനാണ് അക്കാദമിയുടെ യോഗം. പഴയ ഉടമ്പടി പ്രകാരം പൊതുമരാമത്ത് വകുപ്പിന് പ്രതിമാസം ഒരുരൂപ വാടക. വാടകക്കാരായി തുടരുന്നതിനാല്‍ അക്കാദമിക്ക് നിഷേധിക്കപ്പെട്ടത് കേന്ദ്ര, യുജിസി ധനസഹായങ്ങള്‍.
സ്വന്തം സ്ഥലമുണ്ടായിരുന്നെങ്കില്‍ ഒന്നര ലക്ഷം പുസ്തക ശേഖരമുള്ള ലൈബ്രറിയുടെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ യുജിസി ധനസഹായത്താല്‍ സാധ്യമാകുമായിരുന്നു. സ്ഥലം അക്കാദമിയുടെ പേരിലാക്കണമെന്ന അപേക്ഷ ഒരുപതിറ്റാണ്ടുമുമ്പ് സര്‍ക്കാരിലേക്ക് പോയിട്ടുണ്ട്.
എന്നാല്‍ മുറപോലെ സര്‍ക്കാര്‍ കാര്യം ഇഴഞ്ഞപ്പോള്‍ ഈ അറുപതാം പിറന്നാളിലും അക്കാദമി പൊതുമരാമത്ത് വകുപ്പിന്‍റെ പാട്ടക്കുടിയാനായി തുടരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam