
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ പത്താമത് ലക്കത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. വൈകീട്ട് ആറ് മണിക്കാണ് ഔദ്യോഗിക ഉദ്ഘാടനം. രാജ്യത്തിനകത്തും പുറത്ത് നിന്നുമായി 1,600 ടൂറിസം സംരംഭകരാണ് മേളയിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്തിന്‍റെ പ്രളയാനന്തര അതിജീവനം ലോകത്തെ അറിയിക്കാനുള്ള അവസരമായി മേളയെ മാറ്റാനാണ് സംഘാടകരുടെ ശ്രമം. പ്രളയബാധയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലുണ്ടായിരിക്കുന്ന മാന്ദ്യത്തിനും കേരള ട്രാവല്‍ മാര്‍ട്ടിലൂടെ വന്‍ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചിയിൽ നാല് ദിവസമായി നടക്കുന്ന മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം മുഖ്യാതിഥിയായി പങ്കെടുക്കും. കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തിലാണ് കെ ടി എമ്മിന്‍റെ ഉദ്ഘാടനച്ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം 28 മുതല്‍ 30 വരെ മൂന്ന് ദിവസങ്ങളിലായി വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക ആന്‍ഡ് സാഗര കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ബയര്‍-സെല്ലര്‍ കൂടിക്കാഴ്ചകള്‍, സെമിനാറുകള്‍ നയരൂപീകരണ ചര്‍ച്ചകള്‍ തുടങ്ങിയവ നടക്കും. അവസാന ദിവസം പൊതുജനങ്ങളെ സൗജന്യമായി പ്രവേശിപ്പിക്കും. 393 വിദേശ ബയര്‍മാരും 1095 ആഭ്യന്തര ബയര്‍മാരും കെ ടി എമ്മിലെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam