ശബരിമല സ്ത്രീ പ്രവേശനം; രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് കേരള നേതൃത്വം

By Web TeamFirst Published Oct 31, 2018, 8:41 AM IST
Highlights

ശബരിമലയിൽ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചുള്ള രാഹുൽഗാന്ധിയുടെ പ്രതികരണത്തിൽ വെട്ടിലായത് കേരളത്തിലെ യുഡിഎഫ് നേതൃത്വം. ശബരിമല വിഷയത്തിലെ യുഡിഎഫ് നിലപാട് വിശദീകരിക്കാൻ കോഴിക്കോട് നടന്ന സമ്മേളനത്തിൽ രാഹുൽഗാന്ധിയുടെ പ്രസ്താവനയെ ന്യായീകരിക്കാനാണ് നേതാക്കൾ ഏറെ സമയം കണ്ടെത്തിയത്. 

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രതികരണത്തിൽ വെട്ടിലായത് കേരളത്തിലെ യുഡിഎഫ് നേതൃത്വം. ശബരിമല വിഷയത്തിലെ യുഡിഎഫ് നിലപാട് വിശദീകരിക്കാൻ കോഴിക്കോട് നടന്ന സമ്മേളനത്തിൽ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ ന്യായീകരിക്കാനാണ് നേതാക്കൾ ഏറെ സമയം കണ്ടെത്തിയത്. ഏതായാലും കേന്ദ്രനേതൃത്വം അഭിപ്രായം പറഞ്ഞതിനെതുടര്‍ന്ന് യുവനേതാക്കള്‍ തങ്ങള്‍ക്കെതിരെ നിലപാടുമായി രംഗത്തെത്തുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. 

ശബരിമല വിഷയത്തിൽ ബിജെപിയും സിപിഎമ്മുമാണ് നേർക്ക്നേരെങ്കിലും കളം നിറയാൻ യുഡിഎഫും പരമാവധി ശ്രമിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് ജില്ലകൾ തോറും രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന യോഗത്തിന് തൊട്ടുമുമ്പാണ് ശബരിമല വിഷയത്തിൽ രാഹുൽഗാന്ധിയുടെ നിലപാട് പുറത്ത് വന്നത്. ഇതോടെ നേതാക്കൾ വെട്ടിലായി. കോൺഗ്രസിനുള്ളിൽ ഭിന്നാഭിപ്രായമില്ലെന്ന് വിശദീകരിക്കാനായിരുന്നു യോഗത്തിൽ നേതാക്കളുടെ ശ്രമം.

ശബരിമല വിധിക്ക് അനുകൂലമായാണ് കോൺഗ്രസ് ദേശീയ നേതൃത്വം ആദ്യം നിലപാട് എടുത്തത്. ഡൽഹിയിൽ പോയി രാഹുൽ ഗാന്ധിയെ തങ്ങള്‍ കണ്ടിരുന്നു. ജനങ്ങളുടെ വികാരവും അഭിപ്രായവും മനസിലാക്കി മുന്നോട്ട് പോകാനാണ് രാഹുൽ പറഞ്ഞത്.
 രാഹുൽ ഗാന്ധി പറഞ്ഞ കാര്യങ്ങൾ ആരും വളച്ചൊടിക്കണ്ടെന്നും യുഡിഎഫ് കേരളത്തിലെ വിശ്വാസികൾക്ക് ഒപ്പം അടിയുറച്ചു നിൽക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തെ മാനിക്കുന്നു
. അതേ സമയം വിശ്വാസികളുടെ വികാരത്തിനൊപ്പം നിൽക്കാൻ ഞങ്ങൾക്ക് അനുവാദം തന്നതിലൂടെ അദ്ദേഹത്തിന്റെ യശസ്സ് ഉയർന്നെന്നും അദ്ദേഹം പറഞ്ഞു.
 വിശ്വാസികൾക്ക് മുറിവേറ്റാൽ അത് പരിഹരിക്കാൻ യുഡിഎഫ് എന്നും ഒപ്പമുണ്ടാകുമെന്നും കലാപമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന് സി.പി.എം ഇന്ധനമാകുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

ശബരിമല വിഷയത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ വി.ടി ബൽറാം MLA നേരത്തെ പരോക്ഷ വിമർശനം നടത്തിയിരുന്നു. രാഹുൽഗാന്ധിയുടെ അഭിപ്രായ പ്രകടനം കൂടുതൽ യുവനേതാക്കൾ ഏറ്റെടുക്കുമോ എന്ന ആശങ്കയും സംസ്ഥാന നേതൃത്വത്തിനുണ്ട്. വി.ടി ബൽറാം ഒഴികെ കോണ്‍ഗ്രസിലെ യുവനേതാക്കളാരും ശബരിമല വിധി സംബന്ധിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ അഭിപ്രായപ്രകടനത്തോടെ യുവനിര തങ്ങള്‍ക്കെതിരെ നിലപാടെടുക്കുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. 

ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് രാഹുല്‍ ഗാന്ധി ശബരിമല വിഷയത്തിലെ തന്‍റെ നിലപാട് വ്യക്തമാക്കിയത്. വ്യക്തിപരമായി സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ താന്‍ എതിര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തന്‍റെ പാര്‍ട്ടിക്ക് ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു നിലപാടാണ് ഉള്ളതെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.  

'സ്ത്രീയും പുരുഷനും തുല്യരാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനാല്‍ തന്നെ സ്ത്രീക്ക് എവിടെയെങ്കിലും പ്രവേശനം വിലക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല'- രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ 'പാര്‍ട്ടിയുടെ നിലപാട്, കേരളത്തിലെ ജനങ്ങളുടെ വികാരം കൂടി മാനിച്ചുള്ള ഒരു നിലപാടാണ്. അങ്ങനെ നോക്കുമ്പോള്‍ ഈ വിഷയത്തില്‍ എനിക്കും പാര്‍ട്ടിക്കുമുള്ള അഭിപ്രായങ്ങള്‍ രണ്ട് തന്നെയാണ്. എന്നാല്‍ അവര്‍ കേരളത്തിനെ പ്രതിനിധീകരിക്കുന്ന നേതാക്കളാണ്, അവരുടെ അഭിപ്രായമാണ് ഇക്കാര്യത്തില്‍ നോക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തിരുന്നു. 

click me!