
തിരുവനന്തപുരം: അസിസ്റ്റന്റ് ഗ്രേഡ് നിയമനവിവാദത്തിന് പിന്നാലെ കേരള സര്‍വ്വകലാശാലയില്‍ അധ്യാപകനിയമന വിവാദം. സര്‍വകലാശാല എജ്യൂക്കേഷന്‍ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തില്‍ ക്രമക്കേട് നടന്നതായി ആരോപണം. അഭിമുഖത്തിന് കൂടുതല്‍ മാര്‍ക്ക് നല്‍കി അനര്‍ഹരെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാണ് ആക്ഷേപം. ബുധനാഴ്ച ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകും.
രണ്ട് തസ്തികയിലേക്കായിരുന്നു നിയമനം. വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സമിതിയാണ് അഭിമുഖം നടത്തുന്നത്. അദ്ദേഹം നിര്‍ദേശിക്കുന്ന വിദഗ്ധരും വകുപ്പുതലവനും അടങ്ങുന്നതാണ് സമിതി സമര്‍പ്പിക്കുന്ന റാങ്ക് പട്ടിക സാധാരണ നിലയില്‍ സിന്‍ഡിക്കേറ്റ് അംഗീകരിക്കുകയാണ് പതിവ്. അക്കാഡമിക് മികവു കുറഞ്ഞവര്‍ക്ക് അഭിമുഖത്തില്‍ മാര്‍ക്ക് വാരിക്കോരി നല്‍കിയെന്നാണ് ഉയരുന്ന ആക്ഷേപം. ദേശീയ അവാര്‍ഡും ഡോക്ടറേറ്റും ഇല്ലാത്തവര്‍ക്ക് ആ വിഭാഗത്തിലെ അധികം മാര്‍ക്ക് നല്‍കി എന്നൊക്കെയാണ് പരാതി. അതേസമയം, അക്കാമഡിക് മികവുള്ളവരെ അഭിമുഖത്തില്‍ കുറഞ്ഞ മാര്‍ക്ക് നല്‍കി ഒഴിവാക്കിയെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖപരീക്ഷയില്‍ തഴയപ്പെട്ട ഉദ്യോഗാര്‍ത്ഥി വിവരാവകാശനിയമപ്രകാരം ശേഖരിച്ച മാര്‍ക്ക് വിവരങ്ങള്‍ സഹിതം ഹൈക്കോടതിയിലും സര്‍വ്വകലാശാലയിലും പരാതി നല്‍കിയിട്ടുണ്ട്. ജനറല്‍ വിഭാഗത്തിലും ഈഴവ വിഭാഗത്തിലും ഓരോ ഒഴിവുകളാണുണ്ടായിരുന്നത്. ഗവേഷണ ബിരുദമുള്‍പ്പെടെയുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അര്‍ഹമായ മാര്‍ക്ക് നല്‍കാതിരിക്കുകയും അനര്‍ഹര്‍ക്ക് അധികം മാര്‍ക്ക് നല്‍കുകയും ചെയ്തതായി രേഖകള്‍ വ്യക്തമാക്കുന്നു. അക്കാദമിക മികവിന് എണ്‍പതില്‍ 25 മാര്‍ക്ക് കിട്ടിയ ഉദ്യോഗാര്‍ഥിക്ക് അഭിമുഖത്തിന് ഇരുപതില്‍ 19 മാര്‍ക്ക് നല്‍കുകയും ഇതേ വിഭാഗത്തില്‍ എണ്‍പതില്‍ 44 മാര്‍ക്ക് കിട്ടിയ ഉദ്യോഗാര്‍ഥിക്ക് അഭിമുഖത്തിന് ആറുമാര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.
സര്‍വകലാശാലയിലെ വിവിധ വകുപ്പുകളിലെ നൂറിലധികം അധ്യാപക നിയമനത്തിന് സിന്‍ഡിക്കേറ്റിന്റെ അംഗീകാരമില്ലാതെ സംവരണക്രമം തീരുമാനിച്ച് വൈസ് ചാന്‍സലര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതും വിവാദത്തിന് വഴിവെച്ചേക്കും. വൈസ് ചാന്‍സലര്‍ ഏകപക്ഷീയമായി വിജ്ഞാപനമിറക്കിയതിനെതിരേ സിന്‍ഡിക്കേറ്റംഗങ്ങള്‍ ചാന്‍സലര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഫെബ്രുവരിയിലെ സര്‍വ്വകലാശാലയില്‍ പല കാര്യങ്ങളിലും പരസ്പരം പോരടിക്കുന്ന ഇടത്-വലത് അംഗങ്ങള്‍ ഈ പ്രശ്‌നത്തില്‍ വിസിക്കെതിരെ ഒറ്റക്കെട്ടാണ്. അതേസമയം, വിവാദത്തോട് പ്രതികരിക്കാന്‍ വിസി ഡോക്ടര്‍ പികെ രാധാകൃഷ്ണന്‍ തയ്യാറായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam