കേരളത്തില്‍ വരും മണിക്കൂറുകളിലും കനത്ത മഴയെന്ന് മുന്നറിയിപ്പ്

By Web TeamFirst Published Aug 10, 2018, 6:13 PM IST
Highlights

മലബാർ മേഖലയില്‍ വരും മണിക്കൂറുകളി‍ല്‍ അതിശക്തമായ മഴ പെയ്തേക്കും. സംസ്ഥാനത്ത്  ഇതുവരെ മരിച്ചത് 29 പേർ

തിരുവനന്തപുരം: കേരളത്തില്‍ കാസര്‍കോട് ഒഴികെ എല്ലാ ജില്ലകളിലും വരും മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കിയില്‍ വരുന്ന മൂന്ന് ദിവസത്തേക്കും ശക്തിയായ മഴ തുടരും. 

മഴ വ്യാപകനാശം വിതച്ച മലബാര്‍ മേഖലയില്‍ നാളെയും കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സൂചിപ്പിക്കുന്നു. ഈ ജില്ലകളെ മുഴുവനായി കനത്ത മഴ ബാധിച്ചേക്കില്ല. 

അതേസമയം കാലവര്‍ഷക്കെടുതിയില്‍ ദുരിതത്തിലായ ഇടുക്കി ജില്ലയില്‍ വരുന്ന മൂന്ന് ദിവസവും അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരാന്‍ തന്നെയാണ് സാധ്യത. ജില്ലയിലെ പല പ്രദേശങ്ങളിലും ഇപ്പോഴും കുടിയൊഴിപ്പിക്കല്‍ തുടരുകയാണ്. പത്തനംതിട്ടയിലും അതിശക്തമായ മഴയുണ്ടായേക്കും. എന്നാല്‍ പത്തനംതിട്ട ഒഴികെയുള്ള തെക്കന്‍ ജില്ലകള്‍ താരതമ്യേന വരും മണിക്കൂറുകളില്‍ സുരക്ഷിതമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയില്‍ ഇതിലും കുറഞ്ഞ അളവിലേ മഴയുണ്ടാകൂവെന്നും സൂചനയുണ്ട്. 

കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളും നാളെ മഴ വിമുക്തമാകില്ല. എന്നാല്‍ ഇവിടങ്ങളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയില്ല. അല്‍പം കൂടി ഗൗരവം കുറഞ്ഞ മഴയായിരിക്കും തൃശൂര്‍, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ ലഭിക്കുക. 

കനത്ത മഴയെ തുടര്‍ന്ന് ഇതുവരെ സംസ്ഥാനത്ത് 29 പേരാണ് മരിച്ചത്. വിവിധ ജില്ലകളിലായി ആയിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇപ്പോഴും ജാഗ്രത തുടരണമെന്ന് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെയും മുന്നറിയിപ്പ്. 

click me!