
എറണാകുളം: കൊച്ചിയിൽ സ്ത്രീകളുടെ മർദനത്തിനിരയായ ഓണ്‍ലൈൻ ടാക്സി ഡ്രൈവർക്കെതിരേ കേസ്. സ്ത്രീകളുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഡ്രൈവർ ഷെഫീഖിനെതിരേ കേസെടുത്തത്. ഇത് സ്വാഭാവിക നടപടി മാത്രമെന്നാണു പോലീസിന്റെ വിശദീകരണം. ഷെഫീഖിനെതിരേ ജാമ്യമില്ലാ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. ഷെഫീഖിനെ ആക്രമിച്ച യുവതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. കണ്ണൂർ സ്വദേശികളായ ഏയ്ഞ്ചൽ, ക്ലാര, എറണാകുളം സ്വദേശി ഷീജ എന്നിവരെയാണു ഷെഫീഖിനെ മർദിച്ച സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്.
കൊച്ചി വൈറ്റിലയിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. കണ്ണൂർ സ്വദേശികളായ എയ്ഞ്ചൽ, ക്ലാര, എറണാകുളം സ്വദേശി ഷീജ എന്നിവർ ചേർന്ന് ഓണ്‍ലൈൻ ടാക്സി ബുക്ക് ചെയ്തിരുന്നു. വാഹനത്തിൽ കയറാനെത്തുന്പോൾ കാറിൽ മറ്റൊരു യാത്രക്കാരനുമുണ്ടായിരുന്നു. ഇയാളെ ഇറക്കി വിടണമെന്നു സ്ത്രീകൾ ആവശ്യപ്പെട്ടു. എന്നാൽ ഷെയറിംഗ് ഓപ്ഷൻ നൽകിയാണ് ടാക്സി ബുക്ക് ചെയ്തതെന്ന കാരണത്താൽ ഡ്രൈവർ ഇതു നിരസിച്ചു. ഇതു വാക്കു തർക്കത്തിലേക്കും കൈയാങ്കളിയിലേക്കും നീങ്ങുകയായിരുന്നു.
യുവതികൾ റോഡരികിൽ കിടന്ന കരിങ്കൽ കഷണങ്ങളുപയോഗിച്ച് ഡ്രൈവറെ നേരിട്ടു. ഡ്രൈവറുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും തലയിലും മുഖത്തും മർദിക്കുകയും ചെയ്തു. ഇതേതുടർന്ന് ഡ്രൈവർ പോലീസിലെത്തി പരാതിപ്പെടുകയും സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam