തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി നീക്കം ചെയ്യപ്പെട്ട പേരുകൾ വോട്ടർ പട്ടികയിൽ ചേർക്കാനും തിരുത്തലുകൾ വരുത്താനും തിരഞ്ഞെടുപ്പ് കമ്മീഷൻ അവസരം. അടുത്ത വർഷം ജനുവരി 21 വരെ അപേക്ഷ സമർപ്പിക്കാം. അറിയേണ്ടതെല്ലാം

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ ആകെ 25 ലക്ഷം വോട്ടർമാരുടെ പേരാണ് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയിട്ടുള്ളത്. സിപിഐ മുൻ എംഎൽഎ രാജാജി മാത്യു തോമസിൻ്റെയും ഭാര്യയുടെയും പേരടക്കം ജീവിച്ചിരിക്കുന്ന, താമസം മാറിപ്പോകാത്തവരുടെ പേരുകൾ വരെ നീക്കിയതായി ആരോപണമുണ്ട്. ഈ സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ പേര് തിരിച്ച് ചേർക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. എപ്പോൾ മുതൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാം, ചെയ്യേണ്ടത് എന്തൊക്കെ എന്നൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കേണ്ട വിധം

ഏതെങ്കിലും വോട്ടർക്ക് നിശ്ചിത സമയത്തിനുള്ളിൽ അവരുടെ പൂരിപ്പിച്ച ഫോമുകൾ സമർപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, അവകാശവാദങ്ങളുടെയും എതിർപ്പുകളുടെയും കാലയളവിൽ (23.12.2025 മുതൽ 22.01.2026 വരെ) നിർദ്ദിഷ്ട ഡിക്ലറേഷൻ ഫോമിനൊപ്പം ഫോം 6 ഫയൽ ചെയ്യാവുന്നതാണ്.

  • ഫോം 6 – പേര് പുതുതായി ചേർക്കുന്നതിന്
  • ഫോം 6A – പ്രവാസി വോട്ടർമാരുടെ പേര് ചേർക്കുന്നതിന്
  • ഫോം 7 – മരണം, താമസം മാറാൻ, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാൽ പേര് ഒഴിവാക്കുന്നതിന്
  • ഫോം 8 – വിലാസം മാറ്റുന്നതിനും മറ്റ് തിരുത്തലുകൾക്കും

ഈ ഫോമുകൾ https://voters.eci.gov.in/ എന്ന ലിങ്കിൽ ലഭ്യമാണ്.

അപ്പീൽ സമർപ്പിക്കേണ്ടത് എങ്ങനെ?

കരട് പട്ടികയിലുള്ള ഒരാളുടെ പേര് ഹിയറിംഗിന് ശേഷം ഒഴിവാക്കുകയാണെങ്കിൽ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ (ERO) ഉത്തരവ് വന്ന് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് (DEO) ഒന്നാം അപ്പീൽ നൽകാം. (1950-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 24(A), രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾസ് 27 പ്രകാരം).

ഒന്നാം അപ്പീലിലെ ഉത്തരവ് വന്ന് 30 ദിവസത്തിനകം ചീഫ് ഇലക്ടറൽ ഓഫീസർക്ക് രണ്ടാം അപ്പീൽ സമർപ്പിക്കാം. (1950-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 24(B), രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾസ് 27 പ്രകാരം).

വോട്ടർപട്ടികയുടെ കൃത്യത ഉറപ്പാക്കാൻ പൗരന്മാർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.

നോട്ടീസ് ഘട്ടം: പുറപ്പെടുവിക്കൽ, ഹിയറിംഗ് & പരിശോധന

എന്യൂമറേഷൻ ഫോമുകളിലെ തീരുമാനങ്ങളും പരാതികൾ തീർപ്പാക്കലും 2025 ഡിസംബർ 23 മുതൽ 2026 ഫെബ്രുവരി 14 വരെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ പൂർത്തിയാക്കും. അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും. പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ https://www.ceo.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമായിരിക്കും.

സാധുവായ രേഖകൾ

  1. ഏതെങ്കിലും കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരൻ/പെൻഷൻകാരൻ നൽകുന്ന ഏതെങ്കിലും തിരിച്ചറിയൽ കാർഡ് / പെൻഷൻ പേയ്മെന്റ് ഓർഡർ.
  2. 01.07.1987 ന് മുമ്പ് ഇന്ത്യയിൽ സർക്കാർ / തദ്ദേശീയ അധികാരികൾ / ബാങ്കുകൾ / പോസ്റ്റ് ഓഫീസ് / എൽ.ഐ.സി. / പൊതുമേഖലാ സ്ഥാപനങ്ങൾ നൽകിയ തിരിച്ചറിയൽ കാർഡ് / സർട്ടിഫിക്കറ്റ് / രേഖ.
  3. യോഗ്യതയുള്ള അധികാരി നൽകുന്ന ജനന സർട്ടിഫിക്കറ്റ്.
  4. പാസ്‌പോർട്ട്.
  5. അംഗീകൃത ബോർഡുകൾ / സർവ്വകലാശാലകൾ നൽകുന്ന മെട്രിക്കുലേഷൻ / വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്.
  6. യോഗ്യതയുള്ള സംസ്ഥാന അധികാരി നൽകുന്ന സ്ഥിര താമസ സർട്ടിഫിക്കറ്റ്.
  7. വനാവകാശ സർട്ടിഫിക്കറ്റ്.
  8. ഒബിസി / എസ്.സി / എസ്.ടി അല്ലെങ്കിൽ യോഗ്യതയുള്ള അധികാരി നൽകുന്ന ജാതി സർട്ടിഫിക്കറ്റ്.
  9. ദേശീയ പൗരത്വ രജിസ്റ്റർ (അത് നിലവിൽ കൊണ്ടിടത്തെല്ലാം).
  10. സംസ്ഥാന / തദ്ദേശീയ അധികാരികൾ തയ്യാറാക്കിയ കുടുംബ രജിസ്റ്റർ.
  11. സർക്കാർ നൽകുന്ന ഭൂമി / വീട് അലോട്ട്മെന്റ് സർട്ടിഫിക്കറ്റ്.
  12. ആധാർ.

സഹായത്തിനായി ബന്ധപ്പെടാം

അപ്പീലുകൾ അല്ലെങ്കിൽ എസ്ഐആർ നടപടിക്രമങ്ങൾ സംബന്ധിച്ച സഹായത്തിനായി

ഇന്ത്യയിൽ ഉള്ളവർ: 1950 ൽ വിളിക്കുക

വിദേശത്തുള്ളവർ: +91 471 2551965

ഇമെയിൽ: overseasselectorsir26@gmail.com

ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ്: https://voters.eci.gov.in

സോഷ്യൽ മീഡിയ ലിങ്കുകൾ:

  • www.ceo.kerala.gov.in
  • X: /CeoKerala
  • Instagram: @ChiefElectoralOfficerKerala
  • Facebook: /CeoKeralaOffice