
തിരുവനന്തപുരം: കെവിനെ കൊലപ്പെടുത്താൻ ഗുണ്ടാ സംഘം തീരുമാനിച്ചിരുന്നതായി പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. വാഹനത്തിൽ നിന്നും രക്ഷപ്പെട്ട കെവിനെ പിന്തുടർന്ന് പുഴയിലേക്ക് ചാടിക്കുകയായിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
വഴിയിൽ വാഹനം നിർത്തിയപ്പോൾ കെവിൻ ഇറങ്ങിയോടിയെന്നാണ് മുഖ്യ പ്രതി ഷാനു ചാക്കോയുടെ മൊഴി. എന്നാൽ ഇത് ഖണ്ഡിക്കുന്നതാണ് ഷാനുവിന്റെ റിമാന്റ് റിപ്പോർട്ട്. കൊല്ലം തെന്മല ഭാഗത്ത് വച്ചാണ് കെവിൻ ഇറങ്ങിയോടിയത്. ഇവിടെ ആഴമുള്ള പുഴയുണ്ടെന്നറിയാവുന്ന പ്രതികൾ പുറകെ ഓടി. ചാലിയക്കര ആറ്റിൽ വീഴ്ത്തി കൊലപ്പെടുത്തിയെന്ന് തെളിഞ്ഞതായും റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നു.
കെവിനെ കൊലപ്പെടുത്തണമെന്ന ഉദ്യേശമില്ലായിരുന്നുവെന്ന ഷാനുവിന്റെ മൊഴിയും റിമാന്റ് റിപ്പോർട്ടിൽ പൊലീസ് തള്ളി. കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ ശേഷം സഹോദരി നീനുവിനെ കൊണ്ടുവരാനായിരുന്നു ഷാനുവിന്റെയും സംഘത്തിന്റെയും ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് കസ്റ്റഡിയിലുള്ള ഷാനുവിനെയും ചാക്കോയേയും മറ്റ് പ്രതികളെയും തെളിവെടുപ്പിനായി ഇന്ന് കൊല്ലത്തേക്ക് കൊണ്ടു പോകും.
നാല് ദിവസത്തെ കസ്റ്റഡിയാണ് കിട്ടിയിരിക്കുന്നത്. ആയുധങ്ങളുപയോഗിച്ച് കെവിനെ മർദ്ദിച്ചതായി റിമാന്റ് റിപ്പോർട്ടിലില്ല. വടിവാൾ വച്ച് തന്നെ ഭീഷണിപ്പെടുത്തിയതെന്ന അനീഷിന്റെ മൊഴിക്ക് വിരുദ്ധമാണിത്. കേസിൽ ഇനി നാല് പേർ കൂടി പിടിയിലാകാനുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam