
കീഴാറ്റൂര്‍: കീഴാറ്റൂരിൽ സിപിഎം കത്തിച്ച സമരപ്പന്തൽ ബഹുജന പിന്തുണയോടെ വയൽക്കിളികൾ ഇന്ന് വീണ്ടുമുയർത്തും. ഭൂവുടമകളുടെ സമ്മതപത്രം പ്ലക്കാർഡുകളാക്കി സിപിഎം കൊടിനാട്ടിയ കീഴാറ്റൂർ വയലിൽത്തന്നെയാണ് പന്തൽ പുനഃസ്ഥാപിക്കുക. സിപിഎമ്മിന്‍റെ നാടുകാവൽ സമരവും തുടരുകയാണ്.
കേരളം കീഴാറ്റുരിലേക്കെന്ന പേരിൽ പരിസ്ഥിത പ്രവർത്തകരും സമരത്തോട് അനുഭാവമുള്ളവരും ചേർന്ന് വലിയ ബഹുജന കൂട്ടായ്മ കീഴാറ്റൂരിൽ എത്തുമെന്നാണ് വയൽക്കിളികൾ പ്രതീക്ഷിക്കുന്നത്. ഇവരുടെ സാന്നിധ്യത്തിലാകും പുതിയ സമരപ്പന്തലിൽ സമരം തുടങ്ങുക. എലിവേറ്റഡ് ഹൈവേയുടെ കാര്യത്തിൽ സർക്കാർ കത്തയച്ച സാഹചര്യത്തിൽ വിഷയത്തിലെ നിലപാട് പ്രഖ്യാപനവും ഇന്നുണ്ടായേക്കും.
സിപിഎം കുത്തിയതിന് പകരം, ഭൂമി ഏറ്റെടുക്കലിനെ എതിർക്കുന്ന ഭൂവുടമകളുടെ പ്ലക്കാർഡുകൾ വയലിൽ നാട്ടും. ഇതോടെ സിപിഎം-വയൽക്കിളി പോര് മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. മുൻപ് സമരപ്പന്തൽ കത്തിച്ചതിന് സമാനമായ പ്രകോപനങ്ങൾ ഇനി ഉണ്ടാകരുതെന്ന് പ്രവർത്തകർക്ക് സിപിഎം നിർദേശം നൽകിയിട്ടുണ്ട്.
സിപിഎം സ്ഥാപിച്ച സമരപ്പന്തലിൽ നാടുകാക്കൽ സമരവും ഇന്ന് ശക്തമാക്കും. വയൽക്കിളികളുയർത്തുന്ന ആരോപണങ്ങളെ അതേരീതിയിൽത്തന്നെ നേരിടാൻ ഒരുങ്ങിയാണ് സിപിഎം. ഇതിനാലാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്‍റെ കൂടി പശ്ചാത്തലത്തിൽ പ്രകോപനങ്ങൾക്ക് ഇട നൽകരുതെന്ന സിപിഎം നിർദേശം. പൊലീസും കനത്ത ജാഗ്രതയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam