അമ്പത്തിയൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ നക്കികൊല്ലാന്‍ കൊടിയേരി: കെ.കെ.രമ

web desk |  
Published : Mar 11, 2018, 09:40 PM ISTUpdated : Jun 08, 2018, 05:48 PM IST
അമ്പത്തിയൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ നക്കികൊല്ലാന്‍ കൊടിയേരി: കെ.കെ.രമ

Synopsis

ആര്‍എംപിയെ തകര്‍ക്കാന്‍ സകല നെറികെട്ട പ്രയോഗങ്ങളും പയറ്റിത്തോറ്റവര്‍ അവസാന അടവെന്ന നിലയില്‍ ചന്ദ്രശേഖരനെ തന്നെ കൂട്ടുപിടിക്കുന്ന പരിഹാസ്യതയ്ക്കാണ് നാട് സാക്ഷിയാവുന്നതെന്ന് രമ തന്റെ ഫേയ്‌സ്ബുക്കില്‍ എഴുതുന്നു. ​

ടിപി ചന്ദ്രശേഖരന്‍ സിപിഎമ്മിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിച്ചിരുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്ഥാവനയ്ക്ക് ശക്തമായ മറുപടിയുമായി ടി.പി.ചന്ദ്രശേഖരന്റെ വിധവ കെ.കെ.രമ രംഗത്ത്. അമ്പത്തിയൊന്ന് വെട്ടിയിട്ടും മരിക്കാത്ത ടി.പിയെ നക്കിക്കൊല്ലാന്‍ ഇറങ്ങിയതാണ് കൊടിയേരി ബലകൃഷ്ണന്‍ എന്ന് കെ.കെ.രമ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി. 

ടി.പി ചന്ദ്രശേഖരന്റെ വഴിയില്‍ നിന്ന് വ്യതിചലിച്ചു എന്നാരോപിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി ആര്‍.എം.പിക്കെതിരെ ആഞ്ഞടിച്ചത്. ടി.പി ചന്ദ്രശേഖരന്‍ ഒരിക്കലും സി.പി.എം നശിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നില്ല. ഇപ്പോഴത്തെ ആര്‍.എം.പി നേതൃത്വം യു.ഡി.എഫിന്റെ കൂടാരത്തില്‍ ചേരാന്‍  ശ്രമിക്കുകയാണെന്നുമായിരുന്നു വടകരയിലെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

ഇതിനെതിരെയാണ് ശക്തമായി കെ.കെ.രമ പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയത്. ആര്‍എംപിയെ തകര്‍ക്കാന്‍ സകല നെറികെട്ട പ്രയോഗങ്ങളും പയറ്റിത്തോറ്റവര്‍ അവസാന അടവെന്ന നിലയില്‍ ചന്ദ്രശേഖരനെ തന്നെ കൂട്ടുപിടിക്കുന്ന പരിഹാസ്യതയ്ക്കാണ് നാട് സാക്ഷിയാവുന്നതെന്ന് രമ തന്റെ ഫേയ്‌സ്ബുക്കില്‍ എഴുതുന്നു. 

ഞങ്ങളിപ്പോഴും ചന്ദ്രശേഖരന്റെ രാഷ്ട്രീയത്തെ വിട്ടുവീഴ്ചയില്ലാതെ പിന്തുടരുകയാണെന്നതിന് തെളിവ് ആര്‍എംപിക്കെതിരെയുള്ള സിപിഎമ്മിന്റെ അക്രമണങ്ങള്‍ തന്നെ. പ്രിയ ടിപി നീ ഇപ്പോഴും അവരെ ഭയപ്പെടുത്തുന്നു, തോല്‍പ്പിച്ചു കൊണ്ടിരിക്കുന്നു., മരിക്കാത്ത നിന്റെ രാഷ്ട്രീയവുമായി ഞങ്ങളീ തെരുവില്‍ രക്തമഴകളില്‍ നനഞ്ഞ് പൊരുതിക്കൊണ്ടിരിക്കുന്നു.. എന്ന് പറഞ്ഞാണ് രമയുടെ പോസ്റ്റ് അവസാനിക്കുന്നത്. 

കെ.കെ.രമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: 

അമ്പത്തിയൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ ഇപ്പോള്‍ നക്കിക്കൊല്ലാനിറങ്ങിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എംപിയെ തകര്‍ക്കാന്‍ സകല നെറികെട്ട പ്രയോഗങ്ങളും പയറ്റിത്തോറ്റവര്‍ അവസാന അടവെന്ന നിലയില്‍ ചന്ദ്രശേഖരനെ തന്നെ കൂട്ടുപിടിക്കുന്ന പരിഹാസ്യതയ്ക്കാണ് നാട് സാക്ഷിയാവുന്നത്.

ചന്ദ്രശേഖരന്‍ സിപിഎം വിരുദ്ധനല്ലെന്ന വെളിപാട് സിപിഎം സംസ്ഥാന സെക്രട്ടറി ഓര്‍ക്കാട്ടേരി കച്ചേരി മൈതാനിയില്‍ തന്നെ പങ്കുവെച്ചത് നന്നായി. പിണറായിയും കോടിയേരിയും ജയരാജന്‍മാരുമെല്ലാം ജീവിച്ചിരുന്ന കാലത്ത് ചന്ദ്രശേഖരനെന്ന കമ്യൂണിസ്റ്റിന് മേല്‍ചൊരിഞ്ഞ നെറികെട്ട ആക്ഷേപ, അധിക്ഷേപവര്‍ഷങ്ങള്‍ക്കും കൊടുംനുണപ്രചാരണങ്ങള്‍ക്കുമെല്ലാം എത്ര തവണ നേര്‍സാക്ഷിയായ മൈതാനമാണിത്! തീര്‍ച്ചയായും പുതിയ ഏറ്റുപറച്ചിലുകള്‍ക്കും ഇവിടം തന്നെയാണ് ഉചിതം.

ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ സഖാക്കളും ഒരിക്കലും സിപിഎം വിരുദ്ധരായിരുന്നില്ലെന്ന് ഈ നാടിനറിയാം. ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന പതിറ്റാണ്ട് നീണ്ട തങ്ങളുടെ ഗീബല്‍സിയന്‍ നുണപറച്ചില്‍ ഇവിടുത്തെ ജനങ്ങളുടെ മനസ്സിനെ തെല്ലും സ്പര്‍ശിച്ചു പോലുമില്ലെന്ന കൃത്യമായ ബോധ്യത്തില്‍ നിന്നാണ് കോടിയേരിയുടെ ലജ്ജാശൂന്യമായ പുതിയ കരണംമറിച്ചില്‍ ഉണ്ടായിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല.

സിപിഎം വിരുദ്ധനായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ചന്ദ്രശേഖരനെ കൊല്ലേണ്ടിവരുമായിരുന്നില്ല. വിരുദ്ധനായി മുദ്രകുത്താനുള്ള നിങ്ങളുടെ സംഘടിതനേതൃശ്രമങ്ങള്‍ ദയനീയമായി തോറ്റുപോയതു കൊണ്ടാണ് ചന്ദ്രശേഖരന് മരണശിക്ഷ വിധിക്കപ്പെട്ടത്. ഞങ്ങള്‍ കേവല സിപിഎം വിരുദ്ധരാകാന്‍ വിസമ്മതിക്കുന്നത് കൊണ്ടുതന്നെയാണ് ഇപ്പോഴും ആര്‍എംപി സഖാക്കളെ കൊലവാളുകള്‍ പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യവുമുണ്ട്.

കണ്‍മുന്നില്‍ കിടപ്പാടങ്ങള്‍ നിന്നുകത്തുന്നത്, ജീവനോപാധികള്‍ ചുടുചാരമാകുന്നത്, സ്ത്രീകളും കുഞ്ഞുങ്ങളും ഭിന്നശേഷിക്കാരും വരെ തല്ലേറ്റുവീഴുന്നത്, പൊതുപ്രവര്‍ത്തകര്‍ ജീവച്ഛവങ്ങളാക്കപ്പെടുന്നത്, കള്ളക്കേസുകളില്‍ കെട്ടി നാടിന്റെ ചെറുപ്പത്തെ തടവറയില്‍ തള്ളുന്നത്, എല്ലാം ഈ ജനത ജീവിതം കൊണ്ട് ചെങ്കൊടിയുടെ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന ഒറ്റ കുറ്റത്തിനാണെന്ന് ഞങ്ങള്‍ക്കറിയാം.

ഞങ്ങളിപ്പോഴും ചന്ദ്രശേഖരന്റെ രാഷ്ട്രീയത്തെ വിട്ടുവീഴ്ചയില്ലാതെ പിന്തുടരുകയാണെന്നതിന് ഇപ്പോഴും അവസാനിക്കാത്ത സിപിഎം ആക്രമണങ്ങള്‍ തന്നെയാണ് സാക്ഷി., ആര്‍എംപി സഖാക്കളുടെ കാതിലലയ്ക്കുന്ന കൊലവാള്‍ശീല്‍ക്കാരങ്ങളാണ് സാക്ഷി., ഞങ്ങള്‍ ജീവിക്കുന്ന ഈ അരക്ഷിത ജീവിതമാണ് സാക്ഷി., വെട്ടേറ്റുവീഴുമ്പോഴും ഞങ്ങളുടെ കൈകളില്‍ വിറകൊള്ളാതെ പറക്കുന്ന ഈ രക്തപതാകകളാണ് സാക്ഷി.

ശ്രീ കോടിയേരി ബാലകൃഷ്ണനോട് ഒരു കാര്യം മാത്രം പറയാം., ഭീകരമായ ആക്രമണങ്ങളിലൂടെ പൊറുതിമുട്ടിച്ച് ഞങ്ങളെ വിരുദ്ധകൂടാരം കയറ്റാമെന്നത് നിങ്ങളുടെ തെറ്റിദ്ധാരണ മാത്രമാണ്., കമ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയനിശ്ചയങ്ങളുടെ ഉള്ളുറപ്പെന്തെന്നറിയാത്തവരുടെ കനത്ത തെറ്റിദ്ധാരണ. ഞങ്ങളുടെ സഖാക്കളുടെ നെഞ്ചകം വെട്ടിക്കീറി നിങ്ങളൊഴുക്കിയ ഈ രക്തനദികളെ മുറിച്ചു നീന്തി തന്നെ ഞങ്ങള്‍ വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ വിജയതീരങ്ങളില്‍ ചെങ്കൊടി നാട്ടും., വെട്ടിക്കൊലയാളികളും നക്കിക്കൊലയാളികളും തീര്‍ച്ചയായും നിരാശപ്പെടേണ്ടി വരും.

പ്രിയ ടിപി നീ ഇപ്പോഴും അവരെ ഭയപ്പെടുത്തുന്നു, തോല്‍പ്പിച്ചു കൊണ്ടിരിക്കുന്നു., മരിക്കാത്ത നിന്റെ രാഷ്ട്രീയവുമായി ഞങ്ങളീ തെരുവില്‍ രക്തമഴകളില്‍ നനഞ്ഞ് പൊരുതിക്കൊണ്ടിരിക്കുന്നു..

പ്രിയ ടിപിയുടെ സമരധീരസ്‌നേഹ രാഷ്ട്രീയസ്മരണകള്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍..

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ