മാണി യുഡിഎഫിലേക്ക്? മാണിയും ഉമ്മൻചാണ്ടിയും ഒരുവേദിയിൽ

By Web DeskFirst Published Sep 15, 2017, 11:22 PM IST
Highlights

കോട്ടയം: കെ എം മാണി യുഡിഎഫിനോട് അടുക്കുന്നു. യുഡിഎഫ് വിട്ട ശേഷം മാണിയുമായി വേദി പങ്കിട്ട  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മാണിയുമായുള്ള അകലം കുറഞ്ഞുവെന്ന് വ്യക്തമാക്കി. കേരളകോൺഗ്രസിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം നാളെ കോട്ടയത്ത് ചേരും

കേരളകോൺഗ്രസ് യുഡിഎഫ് വിട്ടശേഷം ഇത്തരമൊരു കാഴ്ച കേരളം കണ്ടിട്ടില്ല. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാണിവിഭാഗം സിപിഎമ്മിനെ പിന്തുണച്ചതോടെ അകലം വർദ്ധിച്ചു. എന്നാൽ ജോസഫ് വിഭാഗത്തിനൊപ്പം സിഎഫ് തോമസും എൽഡിഎഫിലേക്കുള്ള പ്രവേശനത്തെ ഏതിർത്തതോടെ മാണിയുടെ ഈ നീക്കം പൊളിഞ്ഞു. 

കണ്ണന്താനം കേന്ദ്രമന്ത്രിയായതോടെ എൻഡിഎ ബന്ധമെന്ന സാധ്യതയും അടഞ്ഞതോടെയാണ് യുഡിഎഫിലേക്ക് മടങ്ങിപ്പോകാൻ മാണി തയ്യാറാകുന്നത്. മീനച്ചിലാർ നദീസംരക്ഷണവുമായി ബന്ധപ്പട്ട് നടന്ന കൺവെൻഷനിലാണ് കെ എം മാണിയും ഉമ്മൻചാണ്ടിയും  പഴയസൗഹൃദം പങ്കുവച്ചത്

കേരളകോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് മുൻപാണ് യുഡിഎഫ് നേതാക്കളുമായി മാണി വേദി പങ്കിട്ടത്. വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനായിരിക്കും മാണിയുടെ പിന്തുണ എന്നാണ് വിവരം. ബാർ കോഴ കേസിൽ കോടതിയുടെ തീരുമാനം വരുന്ന മുറക്ക് കെ എം മാണി യുഡിഎഫിലേക്ക് മടങ്ങിവരുമെന്നാണ് സൂചന.

click me!