മത്സ്യബന്ധന ബോട്ടിലിടിച്ച വിദേശകപ്പല്‍ ക്യാപ്റ്റനെതിരെ നരഹത്യക്ക് കേസെടുക്കും

Published : Jun 11, 2017, 12:14 PM ISTUpdated : Oct 05, 2018, 12:34 AM IST
മത്സ്യബന്ധന ബോട്ടിലിടിച്ച വിദേശകപ്പല്‍ ക്യാപ്റ്റനെതിരെ നരഹത്യക്ക് കേസെടുക്കും

Synopsis

കൊച്ചി: കൊച്ചിയില്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടിലിടിച്ച വിദേശ കപ്പൽ പിടിച്ചെടുത്തു . പാനമയിൽ രജിസ്റ്റർ ചെയ്ത ആമ്പർ എൽ എന്ന ചരക്കു കപ്പലാണ് ബോട്ടിലിടിച്ചത് . നേവിയും കോസ്റ്റ് ഗാർഡും ചേർന്നാണ് കപ്പല്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ കപ്പലിന്റെ ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കോസ്റ്റല്‍ പൊലീസ് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി മാധ്യങ്ങളോടു പറഞ്ഞു. കൊച്ചിയിലെ കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ ബാധകമായ കേസായതിനാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഉടമ്പടികളെ ബാധിക്കാത്ത തരത്തില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതിയോടെ നടപടികള്‍ സ്വീകരിക്കുമെന്നും തച്ചങ്കരി വ്യക്തമാക്കി.

അതേസമയം അപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കിട്ടി. ഒരാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകളും വിമാനങ്ങളുമാണ് തിരച്ചില്‍ നടത്തുന്നത്. ഇന്നു പുലര്‍ച്ചെ രണ്ടു മണിക്ക് പുതുവൈപ്പിനിൽ നിന്നും 20 നോട്ടിക്കൽമൈൽ അകലെ കൊച്ചി പുറം കടലിലായിരുന്നു അപകടം. തോപ്പുംപടിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ കാർമൽ മാത എന്ന ബോട്ടാണ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന 14 മത്സ്യത്തൊഴിലാളികളില്‍ 11 പേര്‍ രക്ഷപ്പെട്ടു. പരിക്കേറ്റ മൂന്നു പേരെ ഫോര്‍ട്ട്‌കൊച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ തൊഴിലാളികളില്‍ കുളച്ചിൽ സ്വദേശി തമ്പിദുരൈയുടെയും അസം സ്വദേശിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.  ബോട്ടിലെ 12 പേർ തമിഴ്നാട് സ്വദേശികളും രണ്ടു പേർ അസം സ്വദേശികളുമാണെന്ന് പൊലീസ് അറിയിച്ചു.

രണ്ടു ദിവസം മുമ്പാണ് കാര്‍മല്‍ മാത മൽസ്യബന്ധനത്തിന് പോയത്.  ഫോർട്ട്കൊച്ചി സ്വദേശി നാസറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.  മഴയും കാറ്റും ശക്തമായതിനെ തുടർന്ന് നങ്കൂരമിട്ട ബോട്ടിൽ തൊഴിലാളികൾ ഉറങ്ങുകയായിരുന്നു. കപ്പൽ ഇടിച്ചതിനെ തുടർന്ന് ബോട്ട് തലകീഴായി മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂർണമായും തകർന്നു. അപകട സമയത്ത് സെന്‍റ് ആന്‍റണീസ് എന്ന മറ്റൊരു മത്സ്യബന്ധന ബോട്ട് ഇവർക്ക് സമീപം ഉണ്ടായിരുന്നു.  വലിയ ശബ്ദം കേട്ട് എത്തിയ ഈ ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ജനൽ ചില്ല് തകർത്താണ് രക്ഷപ്പെട്ട തൊഴിലാളികൾ ബോട്ടിനുള്ളിൽ നിന്ന് പുറത്തുവന്നത്. കപ്പലുകൾ കടന്നു പോകുന്ന വഴിയിൽ അല്ല ബോട്ട് ഉണ്ടായിരുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. രക്ഷപ്പെടുത്തിയ 11 പേരെ ഫോർട്ട് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

കപ്പലുകൾ സഞ്ചരിക്കുന്നതിന്‍റെ റഡാർ സംവിധാനം പരിശോധിച്ചാണ് നാവികസേന ഇടിച്ച കപ്പലിനെ കണ്ടെത്തിയത്. സംഭവം നടന്ന രാത്രി രണ്ടു മണിക്ക് കൊച്ചി തീരത്തിലൂടെ  'ആംബർ-എൽ' എന്ന ചരക്കു കപ്പൽ മാത്രമാണ് കടന്നു പോയതെന്ന് നാവികസേന കണ്ടെത്തുകയായിരുന്നു.  ഹെലികോപ്റ്ററിന്‍റെ നിരീക്ഷണത്തിൽ ചരക്കുകപ്പലിനെ കൊച്ചി തീരത്ത് വൈകാതെ അടുപ്പിക്കും. കൊച്ചി തീരത്തേക്ക് ചരക്കുകപ്പൽ വരുമ്പോഴാണ് ബോട്ടിൽ ഇടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കോസ്റ്റ്ഗാര്‍ഡിന് ഇക്കാര്യത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടാണ് അതിവേഗം കപ്പല്‍ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞതെന്നും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള; അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെ മുൻകൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും
'മലപ്പുറത്ത് പ്രതിപക്ഷമില്ലെന്നതിൽ അഹങ്കാരം വേണ്ട, ചോദിക്കാനും പറയാനും പാർട്ടിയുണ്ട്'; താക്കീതുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ