ബ്രഹ്മപുരം പ്ലാന്‍റിലെ പ്രവർത്തനം നിലച്ചു; കൊച്ചിയിലെ മാലിന്യനീക്കം അവതാളത്തിൽ

By Web TeamFirst Published Feb 25, 2019, 1:23 PM IST
Highlights

ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നാലെ കൊച്ചിയിലെ മാലിന്യനീക്കം നിലച്ചു. പ്ലാന്റിലെത്തിയ വാഹനങ്ങൾ തിരിച്ചയച്ചു. എറണാകുളം തൃക്കാക്കര നഗരസഭയില്‍ ശേഖരിച്ച മാലിന്യങ്ങള്‍ വാഹനങ്ങളില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

കൊച്ചി:  തീപിടുത്തത്തെ തുടർന്ന് ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ പ്രവർത്തനം നിലച്ചതോടെ കൊച്ചി നഗരത്തിലെ മാലിന്യനീക്കം അവതാളത്തിലായി. റോഡരികിലും ഇടവഴികളിലും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിതുടങ്ങിയതോടെ കൊച്ചിക്കാർ ആശങ്കയിലാണ്. തൃക്കാക്കര മേഖലയിലും മാലിന്യം കെട്ടിക്കിടക്കുകയാണ്. പ്ലാന്‍റിലേക്ക് കൊണ്ടുപോയ വാഹനങ്ങൾ തിരിച്ചയച്ചതായി മാലിന്യം നീക്കുന്ന തൊഴിലാളികൾ അറിയിച്ചു.

കൂടിയാലോചനയ്ക്കുശേഷം മാത്രമേ ഇനി പ്ലാന്‍റിന്‍റെ പ്രവർത്തനം പുനരാരംഭിക്കൂവെന്നാണ് കോർപ്പറേഷന്‍റെ നിലപാട്. വീടുകളില്‍നിന്നും ഫ്ലാറ്റുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമെല്ലാം ദിവസേനയോ കൃത്യമായ ഇടവേളകളിലോ ആണ് കുടുംബശ്രീ പ്രവർത്തകർ വഴി കോർപ്പറേഷന്‍  മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് സംസ്കരിക്കാനായി കൊണ്ടുപോകാറ്. എന്നാല്‍ നഗരത്തിലെ മാലിന്യങ്ങളെല്ലാം കൊണ്ടുതള്ളിയിരുന്ന ബ്രഹ്മപുരം പ്ലാന്‍റ് തീപിടുത്തത്തോടെ പ്രവർത്തനം നിലച്ചു. ഇതോടെ വീടുകളിലെയും വ്യപാരസ്ഥപനങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം നഗരത്തില്‍ കുമിഞ്ഞുകൂടാന്‍ തുടങ്ങി.

ഇനിയുള്ള രണ്ടുദിവസം മാലിന്യ നീക്കം തടസപ്പെടുമെന്നാണ് കൊച്ചി മേയർ പറയുന്നത്. മാലിന്യം നിറയുന്നത് ജനങ്ങളിലും ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രശ്നം ഉടനടി പരിഹരിച്ചില്ലെങ്കില്‍ മാലിന്യം സംസ്കരിക്കാന്‍ മറ്റുവഴികളില്ലാത്ത ഫ്ലാറ്റുകളില്‍ താമസിക്കുന്നവരും വ്യവസായ സ്ഥാപനങ്ങളിലുള്ളവരും ശരിക്കും ബുദ്ധിമുട്ടുമെന്നുറപ്പാണ്.

click me!