Latest Videos

കൊച്ചിയിലെ മയക്കുമരുന്ന് വേട്ട: എക്സൈസ് ഉദ്യോഗസ്ഥർക്ക് വധഭീഷണി

By Web DeskFirst Published Feb 19, 2018, 10:37 PM IST
Highlights

കൊച്ചി: കൊച്ചിയിൽ കോടികളുടെ ലഹരിമരുന്ന് പിടികൂടിയ എക്സൈസ് സംഘത്തിന്  വധഭീഷണി. മുംബൈ കേന്ദ്രീകരിച്ചുളള റാക്കറ്റാണ് സാറ്റലൈറ്റ് ഫോൺ വഴിഭീഷണിപ്പെടുത്തിയത്.

വിദേശത്തേക്ക് കടത്താനായി കൊണ്ടുവന്ന 30 കോടി രൂപ വിലമതിക്കുന്ന  എം ഡി എം എ കഴിഞ്ഞ ദിവസം കൊച്ചിയിൽ എക്സൈസ് സ്പെഷൽ  സ്ക്വാഡ് പിടികൂടിയിരുന്നു. കേസിലെ അന്വേഷണം തുടരുന്നതിനിടെയാണ് ഭീഷണി എത്തിയത്. മയക്കുമരുന്ന് റാക്കറ്റുമായി എക്സൈസ് സംഘത്തെ ബന്ധിപ്പിച്ചിരുന്ന ഇടനിലാക്കാരനെയാണ് വിളിച്ചത്. ഇയാളെയും എക്സൈസ് ഉദ്യോഗസ്ഥരെയും വകവരുത്തുമെന്നായിരുന്നു സന്ദേശം. 

സാറ്റലൈറ്റ് ഫോണുപയോഗിച്ചാണ് വിളിച്ചതെന്ന് തുടർ അന്വേഷണത്തിൽ വ്യക്തമായി.  എം ഡി എം എ ഇടപാടിന്‍റെ ഇന്ത്യയിലെ ഇടപാടുകൾ നിയന്ത്രിക്കുന്നത് മുംബൈയിൽ നിന്നാണെന്നും ഇതിനുപിന്നിൽ എറണാകുളം സ്വദേശിയാണെന്നും തിരിച്ചറി‌ഞ്ഞിട്ടുണ്ട്. കുവൈറ്റിൽ വിൽപ്പന  ഏകോപിപ്പിക്കുന്നത് എറണാകുളം പളളുരുത്തി സ്വദേശിയാണ്. ഇയാളാണ് ഭായ് എന്ന പേരിൽ അറിയപ്പെടുന്നത്. 

ഭീഷണി സംബന്ധിച്ച്  പൊലീസിനെ അറിയിക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനിടെ പാലക്കാട്, ചെന്നൈ കേന്ദ്രീകരിച്ച് മയക്കു മരുന്ന് ഇടപാടിലെ അന്വേഷണം തുടരുകയാണ്.

click me!