കൊച്ചി തീപിടിത്തം: രക്ഷാപ്രവർത്തനം വൈകി, സ്ഥലത്തെത്താൻ വഴികളുണ്ടായില്ല, കെട്ടിട നിർമ്മാണവും നിയമം ലംഘിച്ച്

By Web TeamFirst Published Feb 21, 2019, 7:41 AM IST
Highlights

നഗരത്തിലെ ബഹുനില മന്ദിരങ്ങളിൽ തീപിടിത്തമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് സുഗമമായ വഴികളില്ലെന്ന യഥാർത്ഥ്യത്തിലേക്കാണ് കഴിഞ്ഞ ദിവസത്തെ അപകടം വിരൽ ചൂണ്ടുന്നത്. 

കൊച്ചി: നഗരത്തിലെ ബഹുനില മന്ദിരങ്ങളിൽ തീപിടിത്തമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് സുഗമമായ വഴികളില്ലെന്ന യഥാർത്ഥ്യത്തിലേക്കാണ് കഴിഞ്ഞ ദിവസത്തെ അപകടം വിരൽ ചൂണ്ടുന്നത്. അഗ്നിശമനസേനാ യുണിറ്റുകൾ എത്താൻ വൈകിയത് നഗരത്തെ നടുക്കിയ തീപിടുത്തത്തിന്‍റെ ആക്കം കൂട്ടി. മെട്രോ നഗരത്തിന് ഒത്ത നടുക്കുള്ള വൻ തീപിടുത്തം. തീ പടർന്ന് തുടങ്ങി നിമിഷങ്ങൾക്കകം തന്നെ ജീവനക്കാർ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. പക്ഷേ ഫയർഫോഴ്സിന് രക്ഷാ പ്രവർത്തനം തടുങ്ങാൻ അരമണിക്കൂറിലേറെ സമയം വേണ്ടി വന്നു.

കളത്തിപ്പറന്പു റോഡിന്‍റെ ഒരുവശത്ത് മെട്രോ നിർമ്മാണം. മറുവശത്ത് നഗരസഭയുടെ കലുങ്കുനിർമ്മാണം. അഗ്നിശമനസേനയ്ക്ക് അപകട സ്ഥലത്തേക്കെത്തിച്ചേരാൻ ഒരു വഴിയുമുണ്ടായിരുന്നില്ല. രക്ഷാ പ്രവർത്തനത്തിനുള്ള വിലയേറിയ സമയമാണ് ഇതുമൂലം നഷ്ടമായത്. മൂന്ന് നിലയിൽ കൂടുതൽ ഉള്ള കെട്ടിടങ്ങള്‍ നിർമ്മിക്കുന്പോൾ ചുറ്റും ഫയർ എഞ്ചിനുകൾക്ക് യാത്ര യോഗ്യമായ വഴി ഉണ്ടാകണമെന്ന നിയമം ലംഘിച്ചായിരുന്നു കെട്ടിട നിർമ്മാണം.

നഗരമധ്യത്തിൽ നടന്ന അപകട സ്ഥലത്ത് രക്ഷാ പ്രവർത്തനം അരമണിക്കൂർ വൈകിയത് പ്രദേശവാസികളിലും ആശങ്കയുണ്ടാക്കുന്നു. കെട്ടിടം ഏത് നിമിഷവും തകർന്നു വീഴാൻ സാധ്യതയുണ്ടെന്നാണ് അഗ്നിശമന സേനയുടെ മുന്നറിയിപ്പ്. എറണാകുളം സെൻട്രൽ പൊലീസിനാണ് അന്വേഷണ ചുമതല. അന്വേഷണത്തിൻറെ ഭാഗമായി ഉടമയിൽ നിന്നു ജീവക്കാരിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. 

click me!