കുഞ്ഞനന്തന്‍റെ തുടര്‍ച്ചയായ പരോള്‍; രമയുടെ ഹർജി ഇന്ന് ഹൈക്കോടതിയില്‍

By Web TeamFirst Published Feb 21, 2019, 6:54 AM IST
Highlights

പികെ കുഞ്ഞനന്തനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ. ചട്ടം ലംഘിച്ച് പരോൾ നൽകിയതിനെതിരെ കെകെ രമ. ശിക്ഷ മരവിപ്പിക്കണമെന്ന കുഞ്ഞനന്തന്‍റെ ആവശ്യവും കോടതി പരിഗണിക്കും.

കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസില്‍ ജയിൽശിക്ഷ അനുഭവിക്കുന്ന പതിമൂന്നാം പ്രതി പി കെ കുഞ്ഞനന്തന് ചട്ടങ്ങൾ മറികടന്ന് പരോൾ നൽകിയത് ചോദ്യം ചെയ്ത് കെ കെ രമ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കുഞ്ഞനന്തൻ അച്ചടക്കമുള്ള തടവുകാരനാണെന്നും നിയമാനുസൃതമായ പരോൾ മാത്രമെ അനുവദിച്ചിട്ടുള്ളൂവെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. 

കുഞ്ഞനന്തന് അസുഖത്തിന്‍റെ പേരിൽ തുടർച്ചയായി പരോൾ അനുവദിച്ചതിനെ ഹൈക്കോടതി നേരത്തെ വിമർശിച്ചിരുന്നു. അസുഖമുണ്ടെങ്കിൽ സർക്കാർ ചികിത്സ നൽകുകയാണ് വേണ്ടതെന്നും പരോൾ അല്ല നൽകേണ്ടതെന്നുമായിരുന്നു കോടതിയുടെ നിലപാട്. ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകണമെന്ന കുഞ്ഞനന്തന്‍റെ ഹർ‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

നേരത്തെ, കേസ് പരിഗണിച്ചപ്പോൾ നടക്കാൻ കഴിയാത്ത അത്രയും ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടെന്ന് കുഞ്ഞനന്തൻ കോടതിയെ അറിയിച്ചിരുന്നു. ഇതിന് ജയിലിൽ സുഖമായി കിടന്നു കൂടെയെന്നായിരുന്നു കോടതിയുടെ മറുപടി. ഏഴ് വർഷവും ജയിലിലാണോ കിടന്നതെന്ന് ചോദിച്ച കോടതി, രേഖകളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കിടന്നിട്ടേയില്ല എന്നാണല്ലോ കാണുന്നതെന്നും ചൂണ്ടിക്കാണിച്ചു. എത്ര നാൾ പരോൾ കിട്ടിയെന്ന് ചോദിച്ച കോടതി ജയിലിൽ നിരവധി തടവ് പുളളികൾ ഉണ്ടല്ലോ, നടക്കാൻ വയ്യ എന്നതൊന്നും പ്രശ്നമല്ലെന്നും നിരീക്ഷിച്ചു. 

Also Read: നടക്കാന്‍ വയ്യെന്ന് കുഞ്ഞനന്തന്‍; ജയിലിൽ സുഖമായി കിടന്നുകൂടെയെന്ന് ഹൈക്കോടതി

കുഞ്ഞനന്തനെ പിന്തുണയ്ക്കുന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചിരിക്കുന്നത്. കുഞ്ഞനന്തന് അടിയന്തര ചികിത്സ ആവശ്യമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദമാക്കിയിരുന്നു. ശിക്ഷ റദ്ദാക്കി ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തൻ നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. 

click me!