ഇരവാദം ജൂഡ് ആന്റണിയുടെ തിരക്കഥ; തന്നെ അപമാനിച്ചെന്ന് കൊച്ചി മേയര്‍

By Web DeskFirst Published Apr 7, 2017, 10:17 AM IST
Highlights

കൊച്ചി: കൊച്ചി മേയര്‍ വേട്ടയാടുന്നുവെന്ന് ആരോപിച്ച് രംഗത്ത് വന്ന യുവ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനെതിരെ മെയര്‍ സൗമിനി ജെയിന്‍. നടന്ന സംഭവങ്ങളെ സിനിമയെ വെല്ലുന്ന തിരക്കഥയാക്കി മാറ്റിയെഴുതിയിരിക്കുകായണ് ജൂഡ് എന്ന് സൗമിനി ജെയിന്‍ പരിഹസിച്ചു. സ്ത്രീ സുരക്ഷയെപ്പറ്റി സംസാരിക്കാന്‍ വന്ന ജൂഡ് എല്ലാവരുടേയും മുന്നില്‍ വെച്ച് ഒരു സ്ത്രീയെന്ന നിലയില്‍ വാക്കുകള്‍ കൊണ്ട് എന്നെ അപമാനിതയാക്കി എന്നും അവര്‍ ആരോപിച്ചു.

ഷോട് ഫിലിം ചിത്രീകരണത്തിനായി സുഭാഷ്പാര്‍ക്ക് ആവശ്യപ്പെട്ട തനിക്കെതിരെ മേയര്‍ കള്ളക്കേസ് നല്‍കിയെന്നായിരുന്നു ജൂഡിന്റെ ആരോപണം. എന്നാല്‍ പ്രസ്തുത വിഷയത്തിന്റെ സാമൂഹ്യ പ്രതിബന്ധത കണക്കിലെടുത്ത് ഏറ്റവുമടുത്ത കൌണ്‍സിലില്‍ വിഷയം അവതരിപ്പിക്കാമെന്നും ആവശ്യം അനുഭാവപൂര്‍ണ്ണം പരിഗണിക്കാമെന്നും ഞാന്‍ ഉറപ്പ് നല്‍കി. 

ഉടന്‍ യാതൊരു പ്രകോപനവുമില്ലാതെ ജൂഡ് ദേഷ്യപ്പെടുകയും ശബ്ദമുയര്‍ത്തി നിങ്ങളുടെയൊന്നും അനുമതി പോലുമില്ലാതെ ഞാന്‍ ഷൂട്ട് ചെയ്യുന്നത് കാണിച്ചു തരാം. ഞാന്‍ ആരാണെന്ന് അറിയില്ല. നിന്നെയൊക്കെ ഞാന്‍ കാണിച്ചു തരാം എന്നൊക്കെ ആക്രോശിച്ചു കൊണ്ട് ഡോര്‍ ശക്തമായി വലിച്ചടച്ച് പോവുകയായിരുന്നു.

പ്രിയ ജൂഡ്, കൌണ്‍സില്‍ വിലക്കിയ ഒരു കാര്യം കൗണ്‍സില്‍ തീരുമാനമില്ലാതെ നല്‍കാനാവില്ല എന്ന നിലപാടെടുത്ത ഉടനെ ഞാന്‍ മോശം കാര്യങ്ങള്‍ക്ക് കണ്ണടക്കുന്നയാളാണെന്ന് താങ്കള്‍ പ്രസ്താവിക്കുകയാണോ. സിനിമകളിലും മറ്റും താങ്കള്‍ അത്തരം ആളുകളെ കണ്ടുകാണും. എല്ലാവരും അങ്ങനെയാണ് എന്ന് അതിനെ സാമാന്യവല്‍ക്കരിക്കുത്.

താങ്കളെപ്പറ്റി ഇതിന് മുമ്പും നിരവധി വാര്‍ത്തകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. ബഹു. എം.എം മണി മന്ത്രിയായപ്പോള്‍ 'വെറുതെ സ്‌ക്കൂളില്‍ പോയി' എന്നൊരു പോസ്റ്റിട്ട് താങ്കള്‍ അദ്ദേഹത്തെ കളിയാക്കിയിരുന്നു. മറ്റൊരു വിഷയത്തില്‍ താങ്കളുടെ പോസ്റ്റിലെ എതിര്‍കമന്റുകള്‍ക്ക് അവരുടെ അച്ഛനെ വരെ ചീത്ത വിളിച്ച സംഭവവും കേട്ടിട്ടുണ്ട്. അതേ നിലവാരത്തില്‍ തന്നെ ജൂഡ് ഇപ്പോഴും സംസാരിക്കുന്നു എന്നത് ദുഖകരമാണ്. വിദ്യാഭ്യാസം കുറവുള്ളവരാകട്ടെ, സ്തീയാകട്ടെ, കുട്ടിയാകട്ടെ, ആരുമാകട്ടെ മനുഷ്യരോട് മാന്യമായി സംസാരിക്കുക എന്നത് പ്രധാനമാണെന്നും മേയര്‍ പറയുന്നു.
 

click me!