കൊച്ചി മെട്രോ: ആദ്യഘട്ടം പൂര്‍ത്തിയായശേഷം മാത്രം രണ്ടാംഘട്ടത്തിന് അനുമതിയെന്ന് കേന്ദ്രം

By Web DeskFirst Published Sep 1, 2016, 1:32 PM IST
Highlights


ചെന്നൈ: കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂർത്തിയായ ശേഷമേ കാക്കനാട്ടേയ്ക്ക് നീട്ടുന്ന കാര്യം പരിഗണിയ്ക്കൂ എന്ന് കേന്ദ്രനഗരവികസനവകുപ്പ് മന്ത്രി വെങ്കയ്യ നായിഡു. കൊച്ചി മെട്രോയുടെ നിർമ്മാണപുരോഗതി കേന്ദ്രനഗരവികസന മന്ത്രാലയം വിലയിരുത്തുന്നുണ്ടെന്നും വെങ്കയ്യ നായിഡു ചെന്നൈയിൽ പറഞ്ഞു. അതേസമയം സെപ്റ്റംബർ അവസാനത്തോടെ മെട്രോ വിപുലീകരണത്തിന് കേന്ദ്രാനുമതി ലഭിയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് കെഎംആർഎൽ വ്യക്തമാക്കി.

കൊച്ചി മെട്രോ കലൂരിൽ നിന്ന് കാക്കനാട്ടേയ്ക്ക് നീട്ടുന്നതിനു വേണ്ടിയുള്ള അലൈൻമെന്റ് നടപടികൾ പൂർത്തിയാക്കിയ ഘട്ടത്തിലാണ് കേന്ദ്രനഗരവികസനവകുപ്പ് മന്ത്രിയുടെ പ്രസ്താവന. മെട്രോ വിപുലീകരണത്തിന് ഫ്രഞ്ച് സാമ്പത്തിക ഏജൻസിയായ എഎഫ്ഡിയിൽ നിന്ന് വായ്പ ഉറപ്പാക്കിയ കെഎംആർഎൽ റോഡ് വീതി കൂട്ടുന്ന നടപടികളുമായി മുന്നോട്ടു പോവുകയാണ്. അതേസമയം, ചെന്നൈ നഗരത്തെ മുഴുവൻ മെട്രോ ഉപയോഗിച്ച് ബന്ധിപ്പിയ്ക്കുകയാണ് ലക്ഷ്യമെന്നും കൂടുതൽ ഘട്ടങ്ങൾ അനുവദിയ്ക്കുന്ന കാര്യം കേന്ദ്രസർക്കാരിന്റെ സജീവപരിഗണനയിലുണ്ടെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.

കേന്ദ്രസർക്കാരിന്റെ സ്മാർട്ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ടത്തിൽ കൊച്ചിയെ ഉൾപ്പെടുത്തുന്നതിനായി നഗരസഭയുടെ സഹായത്തോടെ നൽകിയ പദ്ധതി രൂപരേഖയുടെ പരിശോധന അന്തിമഘട്ടത്തിലാണെന്നും ഇക്കാര്യത്തിൽ കുറച്ചു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

click me!