വരുന്നു ജലമെട്രോയും: നിർമ്മാണം അടുത്ത മാസം തുടങ്ങും

By Web DeskFirst Published May 29, 2017, 7:18 AM IST
Highlights

കൊച്ചി: മെട്രോയ്ക്ക് അനുബന്ധമായി നടപ്പാക്കുന്ന ജലമെട്രോയുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് അടുത്തമാസം തുടക്കമാകും. പദ്ധതിയുടെ ജനറല്‍ കണ്‍സള്‍ട്ടന്റ് നിയമനത്തിന് ചൊവ്വാഴ്ച ചേരുന്ന കെഎംആർഎൽ ബോർഡ് യോഗം അംഗീകാരം നൽകും. 

 എയ്കോം കൺസോർഷ്യത്തെയാണ് ജലമെട്രോയുടെ ജനറൽ കൺസൾട്ടന്‍റായി നിശ്ചയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ദില്ലിയിൽ ചേരുന്ന കെഎംആർഎൽ ബോർഡ് യോഗത്തിൽ തീരുമാനത്തിന് ഔദ്യോഗികമായി അംഗീകാരം നൽകും. നിലവിലെ വിശദ പദ്ധതി റിപ്പോർട്ടിൽ എയ്കോം മാറ്റങ്ങൾ വരുത്തിയേക്കും. 

ജൂണിൽ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനാണ് തീരുമാനം. മെട്രോ ട്രെയിനിന് സമാനമായി ആധുനിക സജ്ജീകരണങ്ങളോടെയുള്ള ബോട്ടുകളാകും ജലമെട്രോയിലുണ്ടാവുക. ബോട്ടുകളുടെയും ജെട്ടികളുടെയും നിർമ്മാണം , ഡ്രെഡ്ജിംഗ്  എന്നിവയ്ക്ക് പുറമേ ജെട്ടികളിലേക്കുള്ള റോഡുകളും എയ്കോമിന്‍റെ നേതൃത്വത്തിൽ നിർമിക്കും. 

പശ്ചിമ കൊച്ചിയിലെ പത്ത് ദ്വീപുകളെ ബന്ധിപ്പിച്ച് 16 റൂട്ടുകളാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവിലുള്ള 38 ബോട്ട് ജെട്ടികളിൽ 18 എണ്ണത്തെ പ്രധാന ബോട്ട്ഹബ്ബുകളാക്കി മാറ്റും. പദ്ധതിയ്ക്ക് ചെലവ് വരുന്ന 747 കോടിയിൽ 597 കോടി രൂപ ജർമൻ ബാങ്കായ കെഎഫ്ഡബ്യൂ വായ്പയായി നൽകും. 102 കോടി രൂപയാണ് സർക്കാർ വഹിക്കേണ്ടത്. നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ധാരണ.
 

click me!